ചിറ്റൂര്‍: അതിര്‍ത്തിമേഖലകളിലെ ഹോട്ടലുകളില്‍ വിവിധയിനം കോഴി വിഭവങ്ങള്‍ സുലഭം.
സംസ്ഥാനത്ത് തുടര്‍ന്നു വരുന്ന ഇറച്ചിക്കോഴി കച്ചവടക്കാരുടെ സമരം ഏറെയും ബാധിച്ചിരിക്കുന്നത് സാധാരണക്കാരെയും വിവാഹ ആവശ്യക്കാരെയുമാണ്. എന്നാല്‍, ചിറ്റൂര്‍ മേഖലയിലെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് യാതൊരു ക്ഷാമവുമില്ല. വിലയില്‍ അല്പം വ്യത്യാസം വരുമെന്ന് മാത്രം. മുമ്പ് നിശ്ചയിച്ച വിവാഹ പാര്‍ട്ടികള്‍ക്ക് കോഴി ലഭിക്കാതെ വന്‍ വിലയ്‌ക്കെടുത്ത് കരിഞ്ചന്തയില്‍ നിന്ന് വാങ്ങിക്കേണ്ട സ്ഥിതിയാണ്. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇറച്ചിക്കോഴി കൊണ്ടുവരുന്നതിന് പകരം ഇറച്ചി മാത്രമായി എത്തിക്കുകയാണ് ഇപ്പോള്‍.
ഒരു കിലോക്ക് 150 മുതല്‍ 200 രൂപ വരെ ഈടാക്കുന്നുണ്ട്. ഇവര്‍ തന്നെയാണ് ഹോട്ടലുകള്‍ക്കും വിതരണം നടത്തുന്നത്. സമരം മുന്നില്‍ കണ്ട് ഹോട്ടല്‍ ഉടമകള്‍ നേരത്തെ തന്നെ ഇറച്ചിക്കോഴി സമാഹരിച്ചതായും പറയുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഇറച്ചിക്കോഴി കൊണ്ടുവരുന്നതിനുള്ള നികുതി നിര്‍ണയത്തിനുള്ള അടിസ്ഥാനവില 70 രൂപയില്‍ നിന്ന് 95 രൂപയായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് ബ്രോയിലര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തമിഴ്‌നാട്ടില്‍ നിന്ന് കോഴി കൊണ്ടുവരുന്നത് പൂര്‍ണമായും നിര്‍ത്തിവച്ചത്.
ഇറച്ചിക്കോഴി കടത്താനുള്ള പ്രധാന ചെക്ക്‌പോസ്റ്റായ നടുപ്പുണ്ണിയില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഇറച്ചിക്കോഴി കയറ്റി ഒരു വാഹനം പോലും അതിര്‍ത്തി കടന്നിട്ടില്ല. സമരം ആരംഭിച്ചതിനു ശേഷം കോഴി ഇറച്ചിയുമായെത്തിയ ആറ് വാഹനങ്ങള്‍ കേരളത്തിലേക്ക് ചെക്ക്‌പോസ്റ്റ് വഴി കടന്നതായും ചെക്ക്‌പോസ്റ്റ് അധികൃതര്‍ പറഞ്ഞു. ഇറച്ചിക്കോഴി വരവ് നിലച്ചതോടെ ചെക്ക്‌പോസ്റ്റില്‍ പ്രതിദിനം 20 മുതല്‍ 30 ലക്ഷം രൂപ വരെ നികുതി വരുമാനത്തില്‍ കുറവ് വന്നതായും അധികൃതര്‍ അറിയിച്ചു.—
തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഒരു കിലോ കോഴിക്ക് 95 രൂപ അടിസ്ഥാന വില നിശ്ചയിച്ച് 12.— 5 ശതമാനം നികുതിയും ഒരു ശതമാനം സെസും ഉള്‍പ്പെടെ ചുമത്താനുള്ള നടപടി ആരംഭിച്ചതാണ് നിലവിലെ പ്രശ്‌നത്തിന് കാരണം.