Connect with us

Wayanad

കല്‍പ്പറ്റ ചെറിയ പള്ളിയുടെ മിനാരം തകര്‍ന്ന് വീണ് നാല് പേര്‍ക്ക് പരുക്ക്; വന്‍ദുരന്തം ഒഴിവായി

Published

|

Last Updated

കല്‍പറ്റ: ടൗണിലെ ചെറിയ പള്ളിയുടെ മിനാരം തകര്‍ന്ന് വീണ് നാല് പേര്‍ക്ക് പരുക്ക്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടം. മിനാരം സമീപമുള്ള ദേശീയ ഫാര്‍മസിയുടെ കെട്ടിടത്തിന് മുകളിലൂടെയാണ് വീണത്. ഫാര്‍മസിയിലെ ഡോക്ടര്‍ എം ആര്‍ ഗിരീഷ്, ചികിത്സക്കെത്തിയ മേലെ വരദൂര്‍ ഗോവിന്ദന്‍ നമ്പ്യാര്‍(മണി),ഭാര്യ രാധ, കാവുംമന്ദം തയ്യില്‍ മൂസ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഡോ. എം ആര്‍ ഗിരീഷ് രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കെയാണ് അപകടം. നടപ്പാതയിലും പള്ളിപരസരത്തും ആളുകളില്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. വന്‍ശബ്ദത്തോടെ മുന്‍വശത്തെ രണ്ട് മിനാരങ്ങള്‍ ഫാര്‍മസിയുടെ കെട്ടിടത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. 1961ല്‍ നിര്‍മ്മിച്ചതാണ് പള്ളി.

പരുക്കേറ്റവരെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഗിരീഷിനും ഗോവിന്ദന്‍ നമ്പ്യാര്‍, ഭാര്യ രാധ എന്നിവര്‍ക്കും തലക്കാണ് പരുക്കേറ്റിട്ടുള്ളത്. തയ്യില്‍ മൂസയുടെ കാലിനുമാണ് പരുക്ക്. പരുക്കേറ്റവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതെ പഴക്കം ചെന്ന പള്ളി പുനരുദ്ധരിപ്പിക്കുന്നതിനായി നാല് വര്‍ഷം മുമ്പ് മുനിസിപ്പല്‍ അധികൃതര്‍ക്കും കലക്ടര്‍ക്കും മറ്റും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് പള്ളി പുനരുദ്ധാരണം മുടങ്ങിയതെന്നാണ് പള്ളി നടത്തിപ്പുകാര്‍ പറയുന്നത്.

Latest