Connect with us

Articles

പ്രാണ ഭീതികൊണ്ടാണ്; പൊറുക്കുമാറാകണം

Published

|

Last Updated

പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏട്ട് പേരെ നടുറോഡില്‍ ചതച്ചരച്ചു കൊന്ന പരപ്പനങ്ങാടിയിലെ ഭീകര ദുരന്തം ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. നിയമത്തിനു കണ്ണ് തുറക്കാന്‍ വയ്യെങ്കില്‍ നാട്ടുകാര്‍ കണ്ണ് തുറക്കണം. ബസ്സുകളുടെ മരണപ്പാച്ചിലും അരുംകൊലയും ഒരുകാരണവശാലും ഇങ്ങനെ തുടരാന്‍ അനുവദിക്കരുത്. 
നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നാലെ ബന്ധപ്പെട്ടവരുടെ പ്രഖ്യാപനങ്ങള്‍ പതിവിന്‍പടി വന്നിട്ടുണ്ട്. പ്രഖ്യാപനങ്ങള്‍ കൊണ്ട് റോഡിലെ മനുഷ്യക്കുരുതികള്‍ അവസാനിക്കുമായിരുന്നെങ്കില്‍ ഒരു കുടുംബത്തെ ഒന്നാകെ കൂട്ടക്കൊല ചെയ്ത ഇത്തരമൊരു വാര്‍ത്ത കേള്‍ക്കേണ്ടിവരുമായിരുന്നില്ല. അതുകൊണ്ട് പ്രഖ്യാപനങ്ങളല്ല; നടപടികളാണ് വേണ്ടത്. ഭരണകൂടത്തോട് ജനങ്ങള്‍ നെഞ്ചുവിരിച്ചു നിന്ന് ഇത് ചോദിക്കണം. ഇടവഴിയിലും നടവഴിയിലും പതിയിരുന്ന് ഹെല്‍മെറ്റ് വേട്ട ഊര്‍ജിതമാക്കുമെന്ന് വീമ്പ് പറയുന്ന പോലീസ്ശിങ്കങ്ങളെ വെല്ലുവിളിക്കുന്നു. ആണത്തമുണ്ടോ, ചങ്കൂറ്റമുണ്ടോ ബസ്സുകളുടെ ഈ ചോരക്കളി തടയാന്‍? ഗതികേട് കൊണ്ട് ഇരട്ടച്ചക്രത്തിലോടുന്ന പാവത്താന്റെ പിന്നാലെ പായാന്‍ എന്തിനാ പോലീസ്? നിയമങ്ങള്‍ ദുര്‍ബലനെ വീശിപ്പിടിക്കാനുള്ള ചിലന്തിവലകളാകരുത്.
രാജ്യത്തെ ഒരു നിയമവും അനുസരിക്കയില്ലെന്ന് ദൈവത്തെ പിടിച്ച് ആണയിട്ടുകൊണ്ടാണ് ബസ് ഡ്രൈവര്‍മാര്‍ സീറ്റിലേക്ക് കയറുന്നത് എന്നു തോന്നുന്നു. റോഡിലെ ഒരു നിയമവും തരിമ്പും അവര്‍ അനുസരിക്കുന്നേയില്ല. റോഡിനും വാഹനത്തിനും താങ്ങാന്‍ കഴിയാത്ത വേഗത്തില്‍ വാഹനം പറപ്പിക്കും. ബസിനകത്തെ സാധു ജീവികള്‍ കിലുക്കിക്കുത്തുകാരന്റെ പാട്ടക്കകത്തെ പരുവത്തിലാകും. കമ്പിയില്‍ തൂങ്ങിയവര്‍ പമ്പരം പോലെ കറങ്ങും. (മനുഷ്യന്‍ ഇത്ര സാധു ജീവിയാണെന്ന് മനസ്സിലാകുന്നത് ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ്.) തെറ്റായ ദിശയില്‍ മറികടക്കും. ചെറിയ വാഹനങ്ങളെ ഹോണടിച്ചും ബോഡിക്കടിച്ചും തുരത്തും. നടുറോഡില്‍ നിറുത്തി യാത്രക്കാരെ വലിച്ചുകയറ്റും. ഉന്തിയിറക്കുകയും ചെയ്യും. ചെവിക്കല്ല് തകര്‍ക്കുന്ന ഹോണുകള്‍ അടിക്കും. യാത്രക്കാരോട് തട്ടിക്കയറും. തെറ്റിയാല്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കും. സാധാ പോലീസുകാരന്റെ വിസിലിന് പൂരപ്പറമ്പിലെ ഓലപ്പീപ്പിയുടെ വില പോലുമില്ല. മാന്യന്മാര്‍ക്ക് കയറാന്‍ പറ്റാത്തവിധം ഈ പൊതു വാഹനം അടിമുടി ഭീകരമാംവിധം വഷളായിരിക്കുന്നു. ആകപ്പാടെ ഒരു തരം അസുര വാഴ്ച. ഈ ഗുണ്ടാ വിളയാട്ടത്തിന് ഒരറുതി വേണ്ടേ?
റോഡ് സുരക്ഷാ സമിതി എന്നോ മറ്റോ പേരില്‍ ഒരേര്‍പ്പാടുണ്ട് നമ്മുടെ നാട്ടില്‍. ഒരു പിടി പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ടി എ അടിച്ചുമാറ്റാനുള്ള ഏര്‍പ്പാടില്‍ കവിഞ്ഞ് ഈ സംവിധാനം കൊണ്ട് യാത്രക്കാര്‍ക്ക് ഒരു ഗുണവുമില്ല. കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലെ സ്ഥിരം വില്ലനെ സംഭവത്തിന് പിന്നാലെ ഇരച്ചെത്തിയ ജനരോഷം കത്തിച്ചു ചാമ്പലാക്കിയ വാര്‍ത്തയും കണ്ടു. ആ ഉയര്‍ന്ന തീയും പുകയും ചൂടും കുടുംബത്തിന്റെ ചോരയും ഒരു വിപ്ലവത്തിന്റെ നാന്ദിയാകണം. ജനങ്ങളുടെ ജീവനു സംരക്ഷണം കൊടുക്കാന്‍ നിയമത്തിനു കഴിയുന്നില്ലെങ്കില്‍ ജനങ്ങള്‍ അതേറ്റെടുക്കണം, സ്വന്തം ജീവന്‍ വേണ്ടെന്നു വെക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് നിയമം ഓങ്ങിയും ഒരുങ്ങിയും അങ്ങനെ വരട്ടെ. ആത്മരക്ഷാര്‍ഥം ജനങ്ങള്‍ സംഘടിക്കണം. റോഡിലിറങ്ങി വീട്ടിലേക്ക് ജീവനോടെ തിരിച്ചുകയറണം എന്നാഗ്രഹിക്കുന്നവരെല്ലാം ആലസ്യം വിട്ടുണരണം. ഒരാപത്തുണ്ടാകുമ്പോള്‍ ഞെട്ടുകയും സങ്കടപ്പെടുകയും ചോരയുടെ ചൂടാറും മുമ്പ് അതെല്ലാം മറക്കുകയും ചെയ്യരുത്.
നിയമലംഘനങ്ങള്‍ തടയാന്‍ പോലീസിനേക്കാള്‍ ഭേദം ജനജാഗ്രതയാണ്. പ്രധാന പാതകളില്‍ രണ്ട് ബസ് സ്റ്റോപ്പുകള്‍ക്കിടയില്‍ അതിര്‍ത്തി നിശ്ചയിച്ച് പ്രദേശവാസികളും കച്ചവടക്കാരും മറ്റും ഉള്‍പ്പെടുന്ന റോഡ് സുരക്ഷാ കമ്മിറ്റികള്‍ രൂപവത്കരിക്കണം. ഈ കമ്മിറ്റികള്‍ ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ കര്‍ക്കശമായ നിലപാടെടുക്കണം. ബോധവത്കരണവും മുന്നറിയിപ്പും താക്കീതുമൊക്കെയാകാം. അനുസരിക്കാത്ത കേസും വിചാരണയും വിധിയുമൊക്കെ നടുറോഡില്‍ വെച്ചുതന്നെ നടക്കുമെന്ന് വന്നാല്‍ താനേ അനുസരിക്കും; മര്യാദക്കാരുമാകും. പല പ്രദേശങ്ങളിലും ഇത് പരീക്ഷിച്ച് വിജയിച്ചതുമാണ്. കോഴിക്കോട്- മെഡിക്കല്‍ കോളജ് റൂട്ടില്‍ ചേവായൂര്‍ ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുകയേ ഇല്ല. ഒന്നുകില്‍ അപ്പുറം അല്ലെങ്കില്‍ ഇപ്പുറം. ഈ കളിയില്‍ കുടുങ്ങി ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചു. പോലീസുകാരന്‍ ആയിരം തവണ വിസിലൂതിയിട്ടും നടക്കാത്തത് ഒറ്റ ദിവസം കൊണ്ട് സാധിച്ചു. നാട്ടുകാരുടെ കണ്ണിലെ നിറമാറ്റം കണ്ടതോടെ പുലിയെപ്പോലെ ചീറിവന്ന വമ്പന്മാര്‍ പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ അനുസരിച്ചു.
നിയമം കൂര്‍ക്കം വലിച്ചുറങ്ങട്ടെ. അതിനു നമുക്കൊരു പുതപ്പുകൂടി പുതപ്പിച്ചുകൊടുക്കാം. നമുക്ക് നമ്മുടെ ജീവന്‍ വലുതാണ്. അതു സംരക്ഷിക്കാന്‍ ചുമതലക്കാരില്ലെന്നുവെച്ചു നമുക്ക് കൈയും കെട്ടി നിന്നുകൂടാ. നിയമ സംവിധാനത്തോടുള്ള അനാദരവോ അവിശ്വാസമോ കൊണ്ടല്ല ഇങ്ങനെ പറയുന്നത്. പ്രാണ ഭീതികൊണ്ടാണ്; പൊറുക്കുമാറാകണം.

Latest