കല്‍ക്കരിപ്പാടം: ഫയലുകള്‍ കണ്ടെത്തി സി ബി ഐക്ക് കൈമാറും

Posted on: September 4, 2013 5:27 am | Last updated: September 3, 2013 at 11:28 pm

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉടന്‍ കണ്ടെത്തി സി ബി ഐക്ക് കൈമാറുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഫയലുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ സി ബി ഐക്ക് അന്വേഷിക്കാം. സര്‍ക്കാറിന് യാതൊന്നും ഒളിച്ചുവെക്കാനില്ലെന്നും കേസില്‍ അന്വേഷണം എളുപ്പമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പാര്‍ലിമെന്റിന്റെ ഇരു സഭകളിലും നല്‍കിയ വിശദീകരണത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ വിശദീകരണം നല്‍കിയത്.
സര്‍ക്കാറിന് എന്തെങ്കിലും മറച്ചുവെക്കാനുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സുപ്രീം കോടതി നല്‍കിയ സമയപരിധിക്കുള്ളില്‍ തന്നെ ഫയലുകള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറും. ഭൂരിഭാഗം ഫയലുകളും ഇതിനകം തന്നെ സി ബി ഐക്ക് കൈമാറിയിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം പേജുകള്‍ വരുന്ന ഫയലുകള്‍ ഇതിനകം കൈമാറിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കേസില്‍ കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ എന്തുകൊണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചോദിച്ച കോടതി സി ബി ഐക്ക് ആവശ്യമുള്ള രേഖകളുടെ പട്ടിക ലഭിച്ച ശേഷം രണ്ടാഴ്ചക്കുള്ളില്‍ അവ കൈമാറണമെന്നാണ് കേന്ദ്രത്തോട് നിര്‍ദേശിച്ചത്.
അതിനിടെ, കാണാതായ ഫയലുകളുടെ പുതിയ പട്ടിക അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിക്ക് സി ബി ഐ കൈമാറി. 225 ഫയലുകളാണ് കാണാതായിരിക്കുന്നതെന്നും ഇവ ലഭിച്ചതിനു ശേഷമേ അന്വേഷണം അവസാനിപ്പിക്കാനാകൂവെന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.