കര്‍മനിരതക്ക് അംഗീകാരം; നിയാസ് ചോലക്ക് സംസ്ഥാന അവാര്‍ഡ്

Posted on: September 3, 2013 11:36 pm | Last updated: September 3, 2013 at 11:37 pm

കാരന്തൂര്‍: അധ്യാപക ജേലിയില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് കര്‍മ നിരതയുടെ പുതു പാഠം രചിച്ച ശാസ്ത്ര അധ്യാപകന്‍ നിയാസ് ചോലക്ക് മികച്ച അധ്യാപക സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഒരധ്യാപകന് കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികസനത്തില്‍ സുപ്രധാന പങ്കുണ്ടെന്ന് തന്റെ 15 വര്‍ഷത്തില്‍ സമൂഹത്തിന് കാണിച്ച് കൊടുക്കുകയായിരുന്നുഅദ്ദേഹം. ശാസ്ത്രാധ്യാപകന്‍, സംഗീത അധ്യാപകന്‍, കായികാധ്യാപകന്‍, തൊഴില്‍ പരിശീലകന്‍, എന്നിങ്ങനെ വിവിധ മേഖലയില്‍ യോഗ്യത നേടിയ നിയാസ് 1997 ല്‍ മര്‍കസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്രധ്യാപകനായി ചേര്‍ന്നു. അന്നു മുതല്‍ സ്‌കൂളിന്റെ മുഴുവന്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പങ്കാളിത്തവും നേതൃത്വവും നല്‍കാന്‍ ഈ അധ്യാപകന് കഴിഞ്ഞു. 30 ഓളം കൈത്തൊഴിലുകള്‍ സ്വായത്തമാക്കി തന്റെ സ്‌കൂളിലും കേരളത്തിനകത്തും പുറത്തുമുള്ള ട്രെയിനിംഗ് കോളജുകളിലും സ്‌കൂളുകളിലും പരിശീലനം നല്‍കി.
ഒഴിവ് സമയം സാമൂഹിക സേവനത്തിന് ഉപയോഗപ്പെടുത്തുന്ന ഇദ്ദേഹം മര്‍കസ് ഹാന്റിക്രാഫ്റ്റ് എന്ന സ്ഥാപനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്നു. എല്ലാ വര്‍ഷവും പൊതുജനങ്ങള്‍ക്ക് വേണ്ടി കൈത്തൊഴില്‍ പരിശീലന മേളയും സ്‌കൂളില്‍ നടത്തിവരുന്നു. ഫിസിക്കല്‍ സയന്‍സിന് പുറമെ ഫിസിക്കല്‍ എജുക്കേഷനിലും അധ്യാപക യോഗ്യത നേടിയ ഇദ്ദേഹം സ്‌പോര്‍ട്‌സിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. മുന്‍ യൂനിവേഴ്‌സിറ്റി ഷട്ടില്‍ ചാമ്പ്യനായ നിയാസ് കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് പരിശീലനം നല്‍കിവരുന്നു. ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആനിമേഷന്‍ സിഡികളായ കുട്ടാപ്പി, പപ്പൂസ്, പൂമ്പാറ്റ, കുസൃതിക്കുറുക്കന്‍ എന്നിവയില്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും മദ്രസാ പാഠഭാഗങ്ങള്‍ ലളിതമാക്കാന്‍ വേണ്ടി ഇളം തെന്നല്‍ പൂനിലാവ്, നിസ്‌കാരം ഖുര്‍ആന്‍ എന്നീ പഠന സിഡികളും നിയാസ്‌ചോലയുടെ ശ്രമ ഫലമായി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞകാല പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും ആദരവുകളും ഈ അധ്യാപകന് ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും ഡല്‍ഹി ചേമ്പര്‍ ഓഫ് എജ്യുക്കേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ നാഷനല്‍ സെലിബ്രിറ്റി അവാര്‍ഡ്, ദിയാ ഖാലിദ് അവാര്‍ഡ് ഇതില്‍പെടും സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ നിയാസ് ചോലയെ മര്‍കസ് ഹൈസ്‌കൂള്‍ മാനേജര്‍ കൂടിയായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിനന്ദിച്ചു.