എസ്ഡിപിഐ ഹര്‍ത്താല്‍: ജനജീവിതം സ്തംഭിച്ചു

Posted on: September 3, 2013 7:36 pm | Last updated: September 3, 2013 at 8:13 pm

harthalമലപ്പുറം: ജില്ലാ വിഭജനം ആവശ്യപ്പെട്ട് എസ് ഡി പി ഐ മലപ്പുറം ജില്ലയില്‍ നടത്തിയ ഹര്‍ത്താലില്‍ ജനജീവിതം പാടെ സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ ഹാജര്‍ നില പേരിന് മാത്രമായിരുന്നു. പൊതുമേഖലാസ്ഥാപനങ്ങളായ പോസ്റ്റ് ഓഫീസ്, കെ എസ് ആര്‍ ടി സി പോലീസ് സംരക്ഷണത്തിലാണ് പലയിടത്തും സര്‍വീസ് നടത്തിയത്. ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. രാവിലെ കടകള്‍ തുറക്കാനെത്തിയവരെ നിര്‍ബന്ധിച്ച് അടപ്പിച്ചതും വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞതുമാണ് അക്രമത്തിന് ഇടയാക്കിയത്. മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് രാവിലെ ഒന്നും ഉച്ചക്ക് ശേഷം മൂന്നും സര്‍വീസുകള്‍ പോലീസ് സംരക്ഷണത്തിലാണ് നടന്നത്. പാലക്കാട് നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് അങ്ങാടിപ്പുറത്ത് സമരക്കാര്‍ തടയുകയും വാഹനത്തിന്റെ ടയറിലെ കാറ്റ് അഴിച്ച് വിടുകയും ചെയ്തു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മറ്റൊരു കെ എസ് ആര്‍ ടി സിയുടെ ടയറിന്റെ കാറ്റ് അഴിച്ച് വിടുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് കെ എസ് ആര്‍ ടി സി പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.