Connect with us

Kozhikode

അറബിക്കല്ല്യാണം: യത്തീംഖാന അധികൃതര്‍ മറുപടി നല്‍കി

Published

|

Last Updated

കോഴിക്കോട്: വിവാദ അറബിക്കല്ല്യാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ സിയസ്‌കോ യത്തീംഖാന അധികൃതര്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നോട്ടീസിന് മറുപടി നല്‍കി. ഈ ആഴ്ച്ചക്കുള്ളില്‍ തന്നെ ബോര്‍ഡ് യോഗം ചേര്‍ന്ന് മറുപടി പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ പി സി ഇബ്‌റാഹീം മാസ്റ്റര്‍ അറിയിച്ചു. ഇന്നലെയാണ് തപാല്‍ മാര്‍ഗം ബോര്‍ഡ് ഡയറക്ടര്‍ക്ക് യത്തീംഖാന അധികൃതര്‍ മറുപടി നല്‍കിയത്. എന്നാല്‍ മറുപടിയുടെ ഉള്ളടക്കം സംബന്ധിച്ച് ഓര്‍ഫനേജ് കണ്‍ട്രോള്‍ വിശദീകരണം അറിയിച്ചിട്ടില്ല.
അറബിക്കല്ല്യാണത്തെ ന്യായീകരിച്ചാണ് യത്തീംഖാന അധികൃതര്‍ മറുപടി നല്‍കിയത്. അറബിക്കല്ല്യാണത്തിന് നിയമ സാധുതയുണ്ട്. വിവാഹത്തിന്റെ നടപടിക്രമത്തില്‍ മാത്രമാണ് വീഴ്ച പറ്റിയത്. 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം സമ്മതപത്രം ബോര്‍ഡിന് നല്‍കേണ്ടതായിരുന്നു. ഇത് നല്‍കിയില്ല. ഇതില്‍ മാത്രമാണ് വീഴ്ച പറ്റിയത്. തുടങ്ങിയ കാര്യങ്ങളാണ് മറുപടിയിലുള്ളത്.
മാനദണ്ഡങ്ങള്‍ പാലിച്ചാണോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബിക്ക് വിവാഹം കഴിച്ച് കൊടുത്തത് എന്ന് ചോദിച്ചായിരുന്നു സിയസ്‌കോ യത്തീംഖാനക്ക് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നോട്ടീസ് നല്‍കിയിരുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യത്തീംഖാന ഭാരവാഹികളടക്കമുള്ളവരെ പിടികൂടാന്‍ പോലീസിന് ഇന്നലെയും കഴിഞ്ഞില്ല. എട്ട് പ്രതികളാണ് ഒളിവിലുള്ളത്. ഇവരും അറസ്റ്റിലായ മൂന്ന് പ്രതികളും ഇന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹരജികളും മുന്‍കൂര്‍ ജാമ്യാപേക്ഷകളും സമര്‍പ്പിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി പ്രതികളെ പിടികൂടാനായിരുന്നു പോലീസ് ശ്രമിച്ചിരുന്നത്.
അറബിയും പെണ്‍കുട്ടിയും തങ്ങിയ നഗരത്തിലെ ആഢംബര റിസോര്‍ട്ടിലും യത്തീം ഖാനയിലും പോലീസ് പരിശോധന നടത്തി. യത്തീംഖാനയില്‍ നിന്ന് വിവാഹം നടത്തിയതിന്റെ രേഖകള്‍ പിടിച്ചെടുത്തു. അറബിയുടെയും പെണ്‍കുട്ടിയുടെയും താമസത്തെക്കുറിച്ചുള്ള രേഖാമൂലമുള്ള വിവരങ്ങളാണ് റിസോര്‍ട്ടില്‍ നിന്ന് ശേഖരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ടൗണ്‍ സി ഐ ടികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുസ്ഥലങ്ങളിലും പരിശോധന നടത്തിയത്.