Connect with us

Kasargod

പാചക വാതകം ചോര്‍ന്ന് വീടിന് തീപിടിച്ചു

Published

|

Last Updated

ബേക്കല്‍: വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് തീ പടര്‍ന്നു. ഗള്‍ഫുകാരനായ കോട്ടിക്കുളത്തെ ഷംസീഫ് അഹമ്മദിന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ചത്.

ഇന്നലെ രാവിലെ 9.30 മണിയോടെയാണ് സംഭവം. ഷംസീഫിന്റെ മാതാവ് നഫീസ വീട്ടിലെ അടുക്കള മുറിയില്‍ പാചകജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ പാചകവാതക സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോരുകയും ഗ്യാസ് അടുപ്പിലേക്ക് ഒഴുകിപ്പടര്‍ന്ന് തീപിടുത്തം ഉണ്ടാവുകയുമായിരുന്നു. സിലിണ്ടറില്‍ നിന്നും തീ വീടിന്റെ അടുക്കള ഭാഗത്ത് പടര്‍ന്നു. നഫീസയുടെ നിലവിളി കേട്ട് ഷംസീഫും മറ്റ് കുടുംബാംഗങ്ങളും അടുക്കളയിലെത്തി തീയണച്ചെങ്കിലും ഗ്യാസ് ചോര്‍ച്ച തടയാന്‍ കഴിഞ്ഞില്ല. പുകപടലങ്ങള്‍ വീടിന് പുറത്തേക്ക് വ്യാപിച്ചതോടെ അയല്‍വാസികളും പരിഭ്രാന്തരായി.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസും കാഞ്ഞങ്ങാട്ടു നിന്നും അഗ്നിശമനസേനയും എത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ സിലിണ്ടറില്‍ നിന്നും ഗ്യാസ് നീക്കം ചെയ്ത് നിര്‍വീര്യമാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ഖത്തറില്‍ ജോലി ചെയ്യുന്ന ഷംസീഫ് അഹമ്മദ് അടുത്തിടെയാണ് അവധിക്ക് നാട്ടില്‍ വന്നത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ അത് വലിയ ദുരന്തത്തില്‍ തന്നെ കലാശിക്കുമായിരുന്നു.