വിദേശ ആക്രമണങ്ങള്‍ തടയാന്‍ യു എന്‍ നടപടി സ്വീകരിക്കണം: സിറിയ

Posted on: September 3, 2013 12:12 am | Last updated: September 3, 2013 at 12:12 am

Bashar+Ja+afari+Syrian+Representative+Addresses+ZzI5ueJW6XJlദമസ്‌കസ്: സിറിയക്കെതിരെ അമേരിക്കയടക്കമുള്ള വിദേശ ശക്തികളുടെ ആക്രമണം തടയാന്‍ ഐക്യരാഷ്ട്ര സഭ സന്നദ്ധമാകണമെന്ന് സിറിയ. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനും സുരക്ഷാ സമിതി പ്രസിഡന്റ് മരിയാ ക്രിസ്റ്റിനാ പെര്‍സെവലിനും അയച്ച കത്തില്‍ യു എന്നിലെ സിറിയന്‍ അംബാസഡര്‍ ബശര്‍ ജഅ്ഫരിയാണ് ഈ ആവശ്യം ഉന്നയിച്ചത്. രാഷ്ട്രീയ പരിഹാരത്തിന് ശ്രമം നടത്താന്‍ യു എന്‍ തയ്യാറാകണമെന്നും നിലവിലെ സാഹചര്യത്തില്‍ അമേരിക്കയുടെ ആക്രമണം തടയേണ്ട ഉത്തരവാദിത്വം യു എന്നിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയക്കെതിരെ അമേരിക്ക നടത്തിയ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ജഅ്ഫരി, സിറിയന്‍ വിഷയത്തില്‍ റഷ്യയുടെ നിലപാടാണ് അമേരിക്ക സ്വീകരിക്കേണ്ടതെന്നും ആവശ്യപ്പെട്ടു. ‘അമേരിക്ക ആരോപിക്കുന്നത് പോലെ രാസായുധ പ്രയോഗത്തിന് പിന്നില്‍ സിറിയയല്ല. വിമത പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ രണ്ട് വര്‍ഷത്തിനിടെ സൈന്യം ഇത്തരത്തിലൊരു ആക്രമണം നടത്തിയെന്ന് തെളിയിക്കാന്‍ സാധിക്കുകയില്ല. സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന തീവ്രവാദികള്‍ (വിമതര്‍) നടത്തുന്ന ആക്രമണം സൈന്യത്തിന്റെയും സര്‍ക്കാറിന്റെയും തലയില്‍ വെച്ചു കെട്ടാനാണ് അമേരിക്ക ശ്രമിക്കുന്നത്.’ -ജഅ്ഫരി പറഞ്ഞു.