Connect with us

Ongoing News

കീടനാശിനിയില്ലാത്ത പച്ചക്കറി വിപണിയിലെത്തിക്കാന്‍ ഹോര്‍ട്ടി കോര്‍പ്പ്

Published

|

Last Updated

തിരുവനന്തപുരം: കീടനാശിനി കലരാത്ത പച്ചക്കറി ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് പദ്ധതി. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അമൃത സ്റ്റാള്‍ വഴി കീടനാശിനി ഉപയോഗിക്കാതെ വളര്‍ത്തിയെടുത്ത പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇത് സംസ്ഥാന വ്യാപകമാക്കാനാണ് പദ്ധതി. ഇത്തരം പച്ചക്കറികള്‍ക്ക് കൂടിയ വില നല്‍കേണ്ടി വരും. കൂടിയ വിലക്ക് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നതിനാല്‍ വിപണിയിലും വില കൂട്ടി വില്‍ക്കാനെ കഴിയൂ. ജൈവ രീതിയില്‍ കൃഷിചെയ്യുന്ന പച്ചക്കറികര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍, വെങ്ങാനൂര്‍ മേഖലയില്‍ ജൈവ രീതിയില്‍ പച്ചക്കറികൃഷി നടക്കുന്നുണ്ട്.

പച്ചക്കറി ഉത്പാദന രംഗത്ത് സ്വയം പര്യാപ്തതയിലെത്താന്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ പദ്ധതികളിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ ലാല്‍വര്‍ഗീസ് കല്‍പകവാടിയും മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ പ്രതാപനും പറഞ്ഞു. പച്ചക്കറി വില ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ ഹോര്‍ട്ടികോര്‍പ് നടത്തിയ വിപണി ഇടപെടലിലൂടെ വിലകുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
ദിനംപ്രതി 150 മെട്രിക് ടണ്‍ പച്ചക്കറിയാണ് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വില്‍പ്പന നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് മുന്നൂറിലധികം വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നല്ലയിനം പച്ചക്കറികള്‍ നേരിട്ട് ശേഖരിച്ച് വിപണനം നടത്തുകയാണ്. ഇതിനു പുറമേ കര്‍ഷക കൂട്ടായ്മകളില്‍ നിന്ന് പച്ചക്കറി ശേഖരിക്കുന്നുണ്ട്.
ഓണക്കാലത്ത് തുറക്കുന്ന ചില്ലറ വില്‍പ്പനകേന്ദ്രങ്ങള്‍ വഴി മികച്ചയിനം പച്ചക്കറികള്‍ വിലക്കുറവില്‍ ലഭ്യമാക്കും. കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പച്ചക്കറി ഉത്പനങ്ങള്‍ സംഭരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. രണ്ടേകാല്‍ കോടി രൂപ മുടക്കി തിരുവനന്തപുരത്തെ ആനയറ കാര്‍ഷികോത്പാദന കേന്ദ്രത്തില്‍ നിര്‍മിച്ച പ്രാദേശിക പച്ചക്കറി സംഭരണ വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് ഒരു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.