വിപണി ഇടപെടലിനായി 135 കോടി അനുവദിക്കാന്‍ ഉത്തരവ്

Posted on: September 3, 2013 6:16 am | Last updated: September 2, 2013 at 11:18 pm

page 01 copyതിരുവനന്തപുരം:ഓണ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി തുക സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ് എന്നിവക്ക് ഉടന്‍ ലഭ്യമാക്കാന്‍ തീരുമാനമായതായി ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. വിലക്കയറ്റം തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോക്ക് അറുപത് കോടി രൂപ ഇതുവരെ നല്‍കിയതായും 25 കോടി രൂപ അനുവദിക്കാന്‍ ഉത്തരവായതായും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി അനുപ് ജേക്കബ് പറഞ്ഞു. ഹോര്‍ട്ടികോര്‍പിന് നേരത്തേ അനുവദിച്ച അഞ്ച് കോടിക്ക് പുറമേ 15 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡിന് പത്ത് കോടിക്ക് പുറമേ ഇരുപത് കോടിയും ഉടന്‍ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കാനായി മൂന്ന് ഏജന്‍സികള്‍ക്കുമായി 135 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എല്ലാ ഉത്പന്നങ്ങള്‍ക്കും മുപ്പത് മുതല്‍ നാല്‍പ്പത് വരെ ശതമാനം സബ്‌സിഡി നല്‍കും. പൊതു വിപണി ഇടപെടലുമായി ബന്ധപ്പെട്ട് വകുപ്പ് തലവന്‍മാര്‍ ദിവസേനയും മന്ത്രിമാര്‍ ആഴ്ചതോറും സ്ഥിതിഗതികള്‍ അവലോകനം ചെയ്യണമെന്നും യോഗത്തില്‍ തീരുമാനമായി.

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ മാസം ഒമ്പത് മുതല്‍ പഞ്ചായത്ത്തലത്തില്‍ 1250 മിനി ഫെയറുകള്‍ ആരംഭിക്കും. ഇതിനു പുറമേ പതിനഞ്ച് സ്‌പെഷ്യല്‍ ഫെയറുകളും ആരംഭിക്കും. ബി പി എല്‍ വിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണത്തിനുള്ള 22.65 കോടി രൂപ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി വീതം നല്‍കാനുള്ള 26 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് നല്‍കാനും യോഗത്തില്‍ തീരുമാനമായി. ആദിവാസി മേഖലയില്‍ വിതരണം ചെയ്യുന്ന പതിനഞ്ച് കിലോ അരി അടക്കമുള്ള ഓണക്കിറ്റിന് പട്ടികവര്‍ഗ വകുപ്പില്‍ നിന്ന് ഏഴ് കോടി രൂപ ലഭ്യമാക്കും.
എല്ലാ കാര്‍ഡുടമകള്‍ക്കും ഓണത്തിന് മുമ്പ് പഞ്ചസാര ലഭ്യമാക്കുന്നതിന് 5.5 കോടി രൂപ അനുവദിക്കാന്‍ ധനകാര്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സപ്ലൈകോയുടെ ഓണം മിനിഫെയറുകള്‍ ഒരാഴ്ച പ്രവര്‍ത്തിക്കും. ഹോര്‍ട്ടികോര്‍പ്പ് സ്വന്തം നിലക്ക് 250 പച്ചക്കറി ഔട്ട്‌ലെറ്റുകളും സപ്ലൈകോയുമായി ചേര്‍ന്ന് 140 ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിപ്പിക്കും. ഇതിനു പുറമേ 25 മൊബൈല്‍ യൂനിറ്റുകളും പ്രവര്‍ത്തിപ്പിക്കും. അറുപത് ശതമാനം പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച് മുപ്പത് ശതമാനം വിലക്കുറവില്‍ ഹോര്‍ട്ടികോര്‍പ് പച്ചക്കറി വിപണിയില്‍ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് പ്രഖ്യാപിച്ച നാലായിരം ഔട്ട്‌ലെറ്റുകളില്‍ 1625 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. ശേഷിക്കുന്നവ ഉടന്‍ ആരംഭിക്കും. നേരത്തെ ആരംഭിച്ച 154 സഹകരണ വിപണികള്‍ക്കു പുറമേയാണിത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളോട് ചേര്‍ന്ന് ജില്ലകളില്‍ ഒരു പച്ചക്കറി വിപണന കേന്ദ്രം വീതം തുറക്കാനും യോഗം നിര്‍ദേശം നല്‍കി. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ 150 ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും ആറ് ജില്ലകളിലായി പതിമൂന്ന് മേജര്‍ മാര്‍ക്കറ്റുകളും ആരംഭിക്കും.
ഗുണനിലവാരം ഉറപ്പ് വരുത്താന്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പാല്‍, വെളിച്ചെണ്ണ ഉള്‍പ്പടെയുള്ളവ പ്രത്യേക പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. മായം ചേര്‍ത്തതായി കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.