കഥ പറഞ്ഞും പാട്ടു പാടിയും കൗതുകം തീര്‍ത്ത് ‘വേനല്‍ തുമ്പികള്‍’

Posted on: September 2, 2013 7:48 pm | Last updated: September 2, 2013 at 7:48 pm

അബുദാബി: കഴിഞ്ഞ ഏതാനും ആഴ്ചകളായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വേനലവധിക്ക് നാട്ടില്‍ പോകാത്ത കുട്ടികള്‍ കഥ പറഞ്ഞും പാട്ടു പാടിയും കളിച്ചും ചിരിച്ചും തിമര്‍ത്തും അഭിനയിച്ചും വേനല്‍ തുമ്പികളായി പാറിപ്പറന്നു നടക്കുകയാണ്.

സ്‌കൂളിലെ പുസ്തക കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നും ഫഌറ്റിലെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും അബുദാബിയിലെ കുട്ടികള്‍ക്ക് കേരള സോഷ്യല്‍ സെന്റര്‍ ഒരുക്കിയ വേനലവധിക്യാമ്പിലാണ് ഈ മനോഹര ദൃശ്യം. വിവിധ പരിപാടികളിലൂടെ മലയാള ഭാഷയും സംസ്‌കാരവും പഠിക്കുന്നതിന്റെ ആവേശത്തിലാണ് ക്യാമ്പില്‍ പങ്കെടുത്ത നൂറോളം കുട്ടികള്‍. സുനില്‍ കുന്നരുവാണ് വേനല്‍ തുമ്പികള്‍ എന്ന പേരില്‍ അരങ്ങു തകര്‍ക്കുന്ന വേനലവധിക്യാമ്പില്‍ കുട്ടികള്‍ക്കായുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കുട്ടികളെ മലയാള ഭാഷയോട് അടുപ്പിക്കുവാനും സര്‍ഗ്ഗാത്മക കഴിവുകളെ ഉണര്‍ത്തുവാനും വിനോദത്തിലൂടെ പഠനം എളുപ്പമാക്കുവാനുള്ള വിവിധ പരിപാടികളാണ് സുനില്‍ കുന്നരു ക്യാമ്പിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. നടന്‍ പാട്ടുകളും കവിതകളും കഥ പറച്ചിലും നാടക അഭിനയവും എല്ലാം കുട്ടികള്‍ തന്നെ അവതരിപ്പിക്കുന്നു.
സ്വന്തമായി പത്രവും ടി വി വാര്‍ത്തയും കുട്ടികള്‍ തന്നെ തയ്യാറാക്കുന്നുണ്ട്. കുട്ടികളുടെ ചിറകുകള്‍ എാണ് പത്രത്തിനു പേര്‍ നല്‍കിയിരിക്കുത്. കെ എസ് സി കുട്ടി ടി വിയിലൂടെയാണ് വാര്‍ത്താപരിപാടി അവതരിപ്പിക്കുന്നത്. കുട്ടികള്‍ സ്വയം രൂപപ്പെടുത്തിയ തീയേറ്റര്‍ നവ്യാനുഭവം പകരുതാണ്. മാജിക്, മാവേലിയെ വരവേല്‍ക്കല്‍, കമ്മ്യൂണിറ്റി പോലീസിന്റെ ബോധവത്ക്കരണ ക്ലാസ്, സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളുമായി വിനോദയാത്രയും സംഘടിപ്പിച്ചു.
കളിയിലൂടെയും വിജ്ഞാനത്തിലൂടെയും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരള സോഷ്യല്‍ സെന്ററിന്റെ വേനലവധിക്യാമ്പില്‍ പങ്കെടുത്ത കുട്ടികളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന കലാരൂപങ്ങള്‍ സമാപന ദിവസമായ ഈ മാസം നാലി (ബുധന്‍) ന് സെന്റര്‍ വേദിയില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.