Connect with us

Editorial

പ്രാഥമിക വിദ്യാഭ്യാസം അടിസ്ഥാനാവകാശം

Published

|

Last Updated

രാജ്യത്തെ 22 ലക്ഷം കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരായുണ്ടെന്ന് കേന്ദ്ര മനുഷ്യവിഭവ വികസന സഹമന്ത്രി ശശി തരൂര്‍. വിദ്യാഭ്യാസ അവകാശ ഗീതത്തിന്റെ സി ഡി പുറത്തിറക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടു ത്തിയത്. 163 വികസ്വര രാജ്യങ്ങളില്‍ ഏതാണ്ട് 47 എണ്ണത്തിലെ ജനങ്ങള്‍ ഏതാണ്ട് പൂര്‍ണ തോതില്‍ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഭരണഘടന അനുസരിച്ച് ഇന്ത്യയില്‍ പ്രാഥമിക വിദ്യാഭ്യാസം പൗരന്റെ അടിസ്ഥാന അവകാശവുമാണ്. എന്നിട്ടും വിദ്യാഭ്യാസ വിഷയത്തില്‍ എന്തുകൊണ്ട് രാജ്യം നില മെച്ചപ്പെടുത്തുന്നില്ലെന്നും ലക്ഷക്കണക്കിന് കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരായി അവശേഷിച്ചുവെന്നും ഗൗരവാഹവമായ ചിന്തക്ക് വിഷയീഭവിക്കേണ്ടതാണ്.
വിദ്യാഭ്യാസത്തില്‍ വന്‍ മുന്നേറ്റം നടത്തിയെന്നഭിമാനിക്കുകയും പൂര്‍ണ സാക്ഷരത കൈവരിച്ചുവെന്നവകാശപ്പെടുകയും ചെയ്ത കേരളത്തില്‍ പോലും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത നിരവധി കുട്ടികളുണ്ടെന്ന് സര്‍വ ശിക്ഷാ അഭിയാന്‍ (എസ് എസ് എ) നടത്തിയ പഠനം വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ ഏഴ് നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ 1406 കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്നും ഇവരില്‍ 1166 കുട്ടികള്‍ പതിനാലു വയസ്സിനു താഴെയുള്ളവരാണെന്നുമാണ് കണ്ടെത്തിയത്. സാമ്പിള്‍ പഠനത്തിലെ കണക്ക് ഇത്ര വരുമ്പോള്‍ സംസ്ഥാനത്തെ മൊത്തം കണക്കെടുത്താല്‍ ഫലം ഞെട്ടിക്കുന്നതാകുമെന്നാണ് എസ ്എസ് എയുടെ വിലയിരുത്തല്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവല്ല ഇതിന് കാരണം. 2006ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 10.4 ലക്ഷം സ്‌കൂളുകളും 53 ലക്ഷം സ്‌കൂള്‍ അധ്യാപകരുമുണ്ട്. ഇവരില്‍ 47 ലക്ഷം പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകരാണ്. സ്‌കൂളുകളില്‍ 87 ശതമാനവും (9 ലക്ഷം) ഗ്രാമങ്ങളിലുമാണ്. ദാരിദ്ര്യാവസ്ഥയും ജീവിത ചുറ്റുപാടുകളുമാണ് മേല്‍ഗണത്തില്‍ പെട്ട മിക്ക കുട്ടികള്‍ക്കും സ്‌കൂള്‍ പഠനം അന്യമാക്കുന്നത്. എഴുതാനും വായിക്കാനും താത്പര്യമുണ്ടെങ്കിലും ജീവിത സാഹചര്യം അനുവദിക്കുന്നില്ലെന്നായിരുന്നു എസ് എസ് എ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത കുട്ടികളുടെ പരിവേദനം. തീര്‍ത്തും ദാരിദ്ര്യാവസ്ഥയിലാണ് ഈ കുട്ടികളെല്ലാം കഴിയുന്നത്.
ഗോത്രവര്‍ഗക്കാരുടെയും കുടിയേറ്റക്കാരുടെയും മക്കളും ബാലഭിക്ഷാടനക്കാരും ബാല വേലക്കാരുമാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരില്‍ ഭൂരിഭാഗവും. പൊതുധാരയില്‍ നിന്നകന്ന് സ്വന്തം സംസ്‌കാരത്തിലും തങ്ങളുടേതായ സവിശേഷ ജീവിത രീതിയിലും ഒതുങ്ങിക്കുടുന്നവരാണ് ആദിവാസികള്‍. ഇവരെ പൊതു ധാരയിലേക്ക് കൊണ്ടുവരാനും വിദ്യാഭ്യാസ പരമായി ഉയര്‍ത്തിക്കൊണ്ട് വരാനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടിട്ടില്ല. ഇതിനായി നീക്കി വെക്കുന്ന ഫണ്ടുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നില്ലെന്നതാണ് പ്രധാന കാരണം.
അന്യസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതെ തെരുവുകളിലും ഹോട്ടലുകളിലും ക്വാറിമടകളിലും ജോലി ചെയ്യുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടുംബങ്ങള്‍ മാറിത്താമ സിക്കുമ്പോഴും ദാരിദ്ര്യം മൂലം ബാലവേല ചെയ്യേണ്ടി വരുമ്പോഴും വിദ്യാഭ്യാസത്തിന് തടസ്സം നേരിടുന്നു. രാജ്യത്ത് ബാലവേലക്കാരുടെ എണ്ണം 49.84 ലക്ഷം വരുമെന്നാണ് “ക്രൈ”(ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു) മിന്റെ പഠനത്തില്‍ കണ്ടത്. ഇത്തരം കുട്ടികളെ സംഘടന ബാലവേലയില്‍ നിന്ന് മോചിപ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ എത്തിച്ചെങ്കിലും പലരും വീണ്ടും ബാലവേലയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഈ കുടുംബങ്ങളെ ദാരദ്ര്യത്തില്‍ നിന്ന് കരകയറ്റിയെങ്കില്‍ മാത്രമേ ഇത്തരം ശ്രമങ്ങള്‍ വിജയിക്കുകയുള്ളുവെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാണ്. തദ്ദേശഭരണ സ്ഥാപന ങ്ങളാണ് ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത്. സ്‌കൂളില്‍ പോകാത്ത ആറ് വയസ്സിന് മീതെയുള്ള കുട്ടികളുണ്ടെങ്കില്‍ അവരെ സ്‌കൂളുകളിലെത്തിച്ച് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാഹചര്യം ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാനങ്ങള്‍ പരാജയപ്പെട്ടതായി മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തുടര്‍ന്ന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മുഴുവന്‍ കുട്ടിക ളെയും സ്‌കൂളിലെത്തിക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചെങ്കിലും അതും ഫലപ്രദ മായ രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. കുട്ടികള്‍ മാതാപിതാക്കന്മാരുടെ മാത്രമല്ല രാഷ്ട്ര ത്തിന്റെയും സമ്പത്തായതിനാല്‍ ഇക്കാര്യത്തില്‍ ഭരണകൂടത്തിന് സമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണയും സഹകരണവും ലഭിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest