കടലോളം കണ്ണീര്‍; ഞെട്ടല്‍ മാറാതെ രണ്ട് ഗ്രാമങ്ങള്‍

Posted on: September 1, 2013 8:04 am | Last updated: September 1, 2013 at 8:04 am

താനൂര്‍: നാട്ടുകാരുടെ ദാരുണമായ അന്ത്യത്തില്‍ കടലോളം കണ്ണീരുമായി ചെട്ടിപ്പടിയിലെ കൊടക്കാടും അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലൊഴിയാതെ താനൂര്‍ മുക്കോല ഗ്രാമവും. നിരത്തില്‍ മനുഷ്യ ജീവന്‍ പിടഞ്ഞുതീരുന്ന നൊമ്പരക്കാഴ്ചകളില്‍ നിന്നും മുക്കോലയിലെ നാട്ടുകാര്‍ ഇനിയും മോചിതരായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശത്തെ ചെങ്ങാട്ട് സൈതലവി, കാര്‍ക്കോളി വിനോദ്, സലീം, തോട്ടുവരമ്പത്ത് താമി, ഇദ്ദേഹത്തിന്റെ ബന്ധുക്കളായ കൃഷ്ണന്‍, മോഹനന്‍, പെരുവലത്ത് വിഷ്ണു എന്നിവര്‍ക്ക് ഇപ്പോഴും എല്ലാം ഒരു കിനാവ് പോലെയാണ്.

സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ സാധാരണക്കാരായ ഇവരുടെ കണ്ണുകള്‍ നിറയുന്നു. ഭയാനകമായ അപകടം സ്ഥലത്തെത്തിയ ഇവരെ ഒരു നിമിഷം തളര്‍ത്തിയെങ്കിലും ധൈര്യം സംഭരിക്കുകയായിരുന്നു. ബസ് ഇഴച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷ ബസിന്റെ മുന്‍ഭാഗത്ത് കുടുങ്ങിയിരുന്നു. ഇത് പുറത്തെടുക്കാനായി ഇവരുടെ ശ്രമം. തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന ഓട്ടോയില്‍ നിന്നും അപകടത്തില്‍പ്പെട്ടവരെ ശ്രമകരമായി പുറത്തെടുത്തു. ഇവരില്‍ ഏഴ് പേരുടെയും ജീവന്‍ സ്ഥലത്ത് വെച്ചുതന്നെ നഷ്ടപ്പെട്ടിരുന്നു. അവസാനം പുറത്തെടുത്ത ആണ്‍കുട്ടിയില്‍ ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നു.
തുടര്‍ന്ന് കുട്ടിയെ പോലീസ് വാഹനത്തില്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആ കുരുന്നു ജീവനും പൊലിഞ്ഞിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രദേശത്തേക്ക് ജനപ്രവാഹമായി. സ്ഥലത്തെത്തിയവരില്‍ ഒരു വിഭാഗം വൈകാരികമായി പ്രതികരിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമായി. ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്ത ഇവര്‍ രാത്രി എട്ട് മണിയോടെ ബസ് അഗ്നിക്കിരയാക്കി. ഇതോടെ ഭീതിയുടെ നിഴലിലാണ് പ്രദേശം മണിക്കൂറുകളോളം പിന്നിട്ടത്.
സ്ഥലത്ത് പോലീസ് ലാത്തിവീശിയപ്പോള്‍ ഉണ്ടായ ഓട്ടത്തിനിടയില്‍ മൂന്നോളം പേര്‍ക്ക് പരിക്കേറ്റു. പഞ്ചായത്ത് പ്രസിഡന്റ് എം പി അഷ്‌റഫിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പോലീസും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപകടത്തിന്റെ തീവ്രത കണ്ട് പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഒരു കൂട്ടം യുവാക്കളുടെ അതിവൈകാരികത പ്രദേശത്തെ സംഘര്‍ഷം ഇരട്ടിപ്പിച്ചു. സ്ഥലത്തെത്തി പുലരുവോളം തമ്പടിച്ച ജനങ്ങള്‍ക്കൊപ്പം പരിസരവാസികളും തമ്പടിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ തന്നെ വലിയതോതില്‍ ജനം പ്രദേശത്തേക്ക് ഒഴുകിയെത്തി. പ്രതിഷേധങ്ങള്‍ നിലച്ചെങ്കിലും സാഹചര്യം കണക്കിലെടുത്ത് പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. പരപ്പനങ്ങാടിയിലെ കൊടക്കാട് ഗ്രാമം കുരുന്നു ജീവനകുകളടക്കം ഏട്ട് പേരെ നഷ്ടപ്പെട്ടതിന്റെ തീരാദുഖത്തിലാണ്.
ആഹ്ലാദഭരിതരായി വിവാഹസത്കാരത്തില്‍ പങ്കെടുക്കാന്‍ പോയവരുടെ ചേതനയറ്റ ശരീരം കാണാനാകാതെ പലരും പൊട്ടിക്കരഞ്ഞു. കുടുംബങ്ങളെയും ബന്ധുക്കളെയും നിയന്ത്രിക്കാനാകാതെ നാട്ടുകാരും നിസഹായരാകുന്ന കാഴ്ചയായിരുന്നു ഇവിടെ. വാവിട്ട് നിലവിളിക്കുന്ന സ്ത്രീകളെയും കുട്ടികളുടെയും സങ്കടങ്ങള്‍ കണ്ണീര്‍ കടലായി ഒഴുകി.