സോളാര്‍: അടിയന്തര എല്‍ ഡി എഫ് യോഗം ഇന്ന്

Posted on: September 1, 2013 7:00 am | Last updated: September 1, 2013 at 2:32 am

ldfസോളാര്‍ കേസ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് എല്‍ ഡി എഫ് യോഗം ചേരും. ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് അടിയന്തരമായി എല്‍ ഡി എഫ് ചേരുന്നത്.
ഓണവിപണിയിലെ വിലക്കയറ്റവും സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും യോഗത്തിന്റെ പരിഗണനക്ക് വരും. സിറ്റിംഗ് ജഡ്ജിക്ക് വേണ്ടി ഹൈക്കോടതിയില്‍ സമ്മര്‍ദം ചെലുത്തണമെന്ന നിലപാടാണ് മുന്നണിക്കുള്ളത്.
മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതി ജഡ്ജിമാരെ വിട്ടുകിട്ടുന്നതിനുള്ള സാധ്യതകള്‍ തേടണമെന്ന ആവശ്യവും എല്‍ ഡി എഫ് ഉന്നയിക്കും. സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ച ശേഷം ഒരു തവണ മുന്നണി യോഗം ചേര്‍ന്നിരുന്നു. ഓണത്തിന് ശേഷം തുടര്‍പ്രക്ഷോഭവും അതുവരെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തടയാനുമായിരുന്നു അന്നെടുത്ത തീരുമാനം.
ഇതനുസരിച്ച് തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള മുഖ്യമന്ത്രിയുടെ പരിപാടികളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പല പരിപാടികളില്‍ നിന്നും മുഖ്യമന്ത്രിക്ക് വിട്ടുനില്‍ക്കേണ്ടിയും വന്നു. കരിങ്കൊടി പ്രതിഷേധങ്ങള്‍ വിജയമാണെന്ന് തന്നെയാണ് മുന്നണിയുടെ വിലയിരുത്തല്‍. ഓണത്തിന് മുമ്പുള്ള ജനസമ്പര്‍ക്ക പരിപാടികളെല്ലാം മുഖ്യമന്ത്രി മാറ്റിവെച്ചിരിക്കുകയാണ്.
അതേസമയം, ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളും യോഗത്തില്‍ ഉന്നയിക്കപ്പെടും.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം അവസാനിപ്പിച്ചാല്‍ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. സി എം പി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും യോഗത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചക്ക് വരുമെന്നുറപ്പാണ്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ചര്‍ച്ചക്ക് വരുന്ന മറ്റൊരു വിഷയം. രൂപയുടെ മൂല്യം താഴുന്നതിനൊപ്പം കേരളത്തിന്റെ സമ്പദ്ഘടനയും തകരുകയാണെന്ന വിലയിരുത്തല്‍ പല കോണുകളില്‍ നിന്നുമുണ്ടായിട്ടുണ്ട്. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നെ കേരളം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം പോലും പൂര്‍ണമായി ഓണത്തിന് മുന്‍കൂറായി നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു.
വിലക്കയറ്റമാണ് മറ്റൊരു പ്രധാന പ്രശ്‌നം. പൊതുവിപണിയില്‍ രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഓണവിപണികളുടെ ദൈര്‍ഘ്യം കുറച്ചതിനെതിരെയും പ്രക്ഷോഭം നടത്താനാണ് മുന്നണിയുടെ നീക്കം. ഇത് സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും.