Connect with us

Gulf

സ്മരണകളിരമ്പി അന്‍സാറിന്റെ നാലാം ചരമ വാര്‍ഷികം

Published

|

Last Updated

അബുദാബി: പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ഗ്രന്ഥകാരനും അബുദാബി മലയാളിസമാജത്തിന്റെ ദീര്‍ഘകാല പ്രസിഡന്റുമായിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ നാലാം ചരമവാര്‍ഷികം ഫ്രണ്ട്‌സ് എ ഡി എം എസിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
അബുദാബിയുടെ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമായിരിക്കവെയാണ് ആകസ്മികമായി അന്‍സാറിന്റെ വേര്‍പാടുണ്ടായത്. പൊതുപ്രവര്‍ത്തന രംഗത്ത് അബുദാബിയില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളിലൂടെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ഏവരുടേയും അംഗീകാരം പിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം അദ്ദേഹത്തെ അടുത്തറിയുന്നവരില്‍ കടുത്ത വേദനയുളവാക്കിയിരുന്നു.
ആദ്യകാലത്ത് പത്രപവര്‍ത്തനരംഗത്ത് തിരുവനന്തപുരം ജില്ലയില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള അദ്ദേഹം കവിയും കഥാകൃത്തും രാഷ്ട്രീയക്കാരനുമായിരുന്നു. അബുദാബി ഗവണ്‍മെന്റ് അംഗീകൃത സംഘടനയായ അബുദാബി മലയാളി സമാജത്തിന്റെ പ്രസിഡന്റായി ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞടുക്കപ്പെട്ടതും ഈ ഒരു സ്വഭാവ സവിശേഷതകൊണ്ടായിരിക്കാം.
പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെ മലയാളി കള്‍ക്കെന്നു മാത്രമല്ല ഏതൊരു ഇന്ത്യക്കാരനും ഒരു വിഷമമുണ്ടായാല്‍ തന്റെ എല്ലാ കഴിവുകളും സ്വാധീനവും ഉപയോഗിച്ച് പരിഹരിച്ചതിനു ശേഷമേ വിശ്രമിക്കാറുള്ളൂ.
പൊതുമാപ്പനുവദിച്ച് ടിക്കറ്റിന് പണമില്ലാതെ നാട്ടില്‍ പോകാന്‍ കഴിയാതെ ജയിലുകളില്‍ കഴിഞ്ഞിരു നൂറുകണക്കിനു ഇന്ത്യക്കാര്‍ ക്ക് വേണ്ട ടിക്കറ്റുകള്‍ക്ക് ആവശ്യമായ തുക കണ്ടെത്തുതിനും അവര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനും അബുദാബിയിലെ മുഴുവന്‍ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് സ്വയം നേതൃത്വപരമായ പങ്ക് ഏറ്റെടുക്കുകയായിരുന്നു അന്‍സാര്‍.
അനുസ്മരണ സമ്മേളനത്തില്‍ ഫ്രണ്ട്‌സ് എ ഡി എം എസ് പ്രസിഡന്റ് ടി എ നാസര്‍ അധ്യക്ഷത വഹിച്ചു. യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ കെ കെ മൊയ്തീന്‍കോയ അനുസ്മരണ പ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം യു വാസു, ജനറല്‍ സെക്രട്ടറി ബി ജയകുമാര്‍, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സത്യബാബു, ഫ്രണ്ട്‌സ് എ ഡി എം എസ് രക്ഷാധികാരി ബാബു വടകര, അബുദാബി ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി, ഒ ഐ സി സി വര്‍ക്കിംഗ് പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി, യുവകലാ സാഹിതി പ്രസിഡന്റ് പ്രേംലാല്‍, കല അബുദാബി ജനറല്‍ സെക്രട്ടറി ജയപ്രകാശ്, ഡോ. ജ്യോതിഷ് കുമാര്‍, ഇടവ സൈഫ്, വക്കം ജയലാല്‍, യേശുശീലന്‍, ടി പി ഗംഗാധരന്‍, സഫറുള്ള പാലപ്പെട്ടി, രവീന്ദ്രന്‍ മാസ്റ്റര്‍, വി ടി വി ദാമോദരന്‍, അബ്ദുല്‍ ഹമീദ്, ഷിബു, റജീദ് പട്ടോളി അന്‍സാറിനെ അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളെ തുടര്‍ന്ന് അന്‍സാറിനെ കുറിച്ചുള്ള സ്മരണകള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫ്രണ്ട്‌സ് എ ഡി എം എസ് ജനറല്‍ സെക്രട്ടറി പി കെ ജയരാജന്‍, കേരള സോഷ്യല്‍ സെന്റര്‍ ട്രഷറര്‍ ഫസലുദ്ദീന്‍ സംസാരിച്ചു.

Latest