Connect with us

Kozhikode

മികവിന്റെ പാതയില്‍ ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Published

|

Last Updated

വടകര: കേരളത്തിലാദ്യമായി “വെബിനാര്‍ സീരിസ്” നടത്തുന്ന വിദ്യാലയം എന്ന ബഹുമതി കൂടി കരസ്ഥമാക്കാന്‍ ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
കഴിഞ്ഞ മെയ് മാസത്തില്‍ ലോക വെര്‍ച്ച്വല്‍ റൗണ്ട് ടേബില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത രാജ്യത്തെ ഏക വിദ്യാലയം, കേരളത്തിലെ ആദ്യ വൈ- ഫൈ ക്യാമ്പസ് സ്‌കൂള്‍, സംസ്ഥാനത്താദ്യമായി പെര്‍ച്വല്‍ ക്ലാസ് റൂം ഒരുക്കിയ സ്‌കൂള്‍, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ “കോര്‍ഓക്‌സ് പദ്ധതി” നടപ്പിലാക്കിയ വിദ്യാലയം എന്നിങ്ങനെ ഒട്ടനവധി ബഹുമതികള്‍ നേടിയതിന് പിന്നാലെയാണ് മറ്റൊരു പദ്ധതി കൂടി ചോറോട് ഹയര്‍ സെക്കന്‍ഡറി തുടക്കം കുറിച്ചത്. ഐ ടി അറ്റ് സ്‌കൂളിന്റെ സഹായത്തോടെ ബി എസ് എന്‍ എല്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഉപയോഗിച്ച് അഡോബി കണക്ടിന്റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ വേര്‍ഷനിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിലാണ് വെബിനാര്‍ സീരിസ് നടപ്പാക്കുന്നത്.
ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ ചെരിമാത്യു ഫിലിപ്പോസ,് ലേണിംഗ് ഇംഗ്ലീഷ് എന്ന വെബിനാര്‍ സീരിസ് ഹൈദരാബാദില്‍ നിന്നും തത്സമയം ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായി അഞ്ച് ദിവസം നീളുന്ന പരിപാടിയില്‍ തിരുവനന്തപുരം എസ് ഡി ഇ ആര്‍ ടിയിലെ കെ ടി ദിനേഷ്, ജപ്പാന്‍ തോഷിബ വിമന്‍സ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റീഫന്‍ ഹെര്‍ഡര്‍, വയനാട് ഡബ്ല്യു ഡി എച്ച് എസ് എസ് -ലെ അനീഷ് കൊയമ്പറ്റ, ജപ്പാന്‍ സിറ്റി ബേങ്കിലെ പ്രമോദ് കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വെബിനാര്‍ ഉദ്ഘാടനത്തിന് ശേഷം ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. ഹെഡ്മാസ്റ്റര്‍ കെ ടി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ബാബു മണക്കുനി, ടി എം മോഹനകൃഷ്ണന്‍, വി രമ, കെ പി സജിലാ ബേബി, ശ്രീജിത്ത് മുറിയമ്പത്ത്, എസ് ആര്‍ അശ്വിന്‍ പ്രസംഗിച്ചു.

Latest