അന്വേഷണം നടക്കട്ടെ, കാണാം: മുന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍

Posted on: August 31, 2013 1:22 am | Last updated: August 31, 2013 at 1:22 am
SHARE

മലപ്പുറം: ചട്ടവരുദ്ധമായി പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചെന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടക്കട്ടെയെന്നും സ്ഥാനമൊഴിഞ്ഞ മലപ്പുറം പാസ് പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുര്‍റശീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും മോശപ്പെട്ട 12 പാസ്‌പോര്‍ട്ട് ഓഫിസുകളിലൊന്നായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിനെ മികച്ച അഞ്ചു പാസ്‌പോര്‍ട്ട് ഓഫിസുകളിലൊന്നാക്കിയതിന് ശേഷമാണ് താന്‍ പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണങ്ങളും അന്വേഷണങ്ങളും കാരണം തുടരാന്‍ താല്‍പര്യമില്ല എന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫിസറെ ഡല്‍ഹിയില്‍ പോയി കണ്ട് അറിയിച്ചിരുന്നു. നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും അബ്ദുല്‍ റശീദ് പറഞ്ഞു. പാസ്‌പോര്‍ട്ടില്‍ ജനന തീയതി തിരുത്തിയതിന്റെ പേരില്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് 5000 രൂപ പിഴയടച്ചാല്‍ പുതിയ പാസ്‌പോര്‍ട്ട് നല്‍കാമെന്ന് വിദേശകാര്യ മന്ത്രായലത്തിന്റെ ഉത്തരവുണ്ട്. വിസയുടെ കാലാവധി അവസാനിക്കാത്തവര്‍ക്കാണ് ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് നല്‍കുക. പോലിസ് വെരിഫിക്കേഷന്‍ ഉള്‍പ്പടെയുള്ള അന്വേഷണങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് നല്‍കിയതെന്നും നിയമവിരുദ്ധമായി ഇതില്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാസ്‌പോര്‍ട്ട് ലഭിച്ച ശേഷമാണ് ഡ്രൈവര്‍ വിസക്ക് പോകുന്ന പലരും വയസ് തിരുത്തുന്നത്. ഇതില്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് പങ്കുണ്ടെന്ന് പറയുന്നത് വിവരക്കേടാണ്. വീട്ടില്‍ നിന്നും സി ബി ഐ 225,000 രൂപ കണ്ടെടുത്തത് സംബന്ധമായുള്ള വാര്‍ത്തകള്‍ക്ക് ഒരടിസ്ഥാനവുമില്ല. വര്‍ഷം 13 ലക്ഷത്തോളം രൂപ ശമ്പളമായി വാങ്ങുന്ന താന്‍ 165,000 രൂപ ടാക്‌സ് അടച്ചിട്ടുണ്ട്. കണ്ടെടുത്ത പണം ശമ്പളത്തില്‍പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. അസുഖ ബാധിതയും വൃദ്ധയുമായ മാതാവിന് അത്യാവശ്യ സാഹചര്യത്തില്‍ ചികിത്സക്ക് വേണ്ടിയാണ് ഇത്രയും പണം സൂക്ഷിച്ചത്. 4350,000 പാസ്‌പോര്‍ട്ടുകളാണ് ചുമതലയേറ്റതിനു ശേഷം നല്‍കിയത്. മനുഷ്യക്കടത്തുമായി പാസ്‌പോര്‍ട്ട് ഓഫിസിന് ഒരു ബന്ധവുമില്ല. ഇത് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട കാര്യമാണ്. പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് ഇതിലൊന്നും ചെയ്യാനാകില്ല. ഇതു സംബന്ധമായി പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഔദ്യോഗിക ജീവിതത്തില്‍ ജനങ്ങള്‍ക്ക് പരമാവധി സഹായം ചെയ്യലാണ് ലക്ഷ്യമെന്നും ജനങ്ങളെ ദ്രോഹിച്ചാല്‍ വിരമിച്ച ശേഷം തെരുവ് പട്ടിയുടെ പരിഗണന പോലും ലഭിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് അറിയില്ലെന്നും അനാവശ്യ ആരോപണങ്ങളുടെ പേരില്‍ ആര്‍ക്കെതിരെയും നിയമനടപടിയെടുക്കാന്‍ താത്പര്യമില്ലെന്നും അബ്ദുല്‍ റശീദ് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here