Connect with us

Malappuram

രേഖകളില്ലാത്ത 29.27 ലക്ഷം രൂപ പിടികൂടി

Published

|

Last Updated

എടക്കര: രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 29, 27000 രൂപ വഴിക്കടവ് ആനമറി പോലീസ് സ്‌പെഷ്യല്‍ ചെക്ക് പോസ്റ്റില്‍ അധികാരികള്‍ പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ പരുശുറാം ലാലാസ്പവാര്‍ (38), തനോജ് (40), മങ്കേഷ് (22), കാര്‍ ഡ്രൈവര്‍ ചുങ്കത്തറ പള്ളിക്കുത്ത് മേപ്പുറത്ത് അബ്രഹാം മാത്യു (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങി കര്‍ണാടകയിലും തമിഴ്‌നാട്ടിലും വില്‍പ്പന നടത്തുന്ന സംഘമാണ് രേഖകളില്ലാത്ത പണവുമായി പിടിയിലായത്. മൈസൂരില്‍ സ്വര്‍ണം വില്‍പ്പന നടത്തി തിരിച്ചുവരുന്നതിനിടെ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഘം പിടിയിലായത്.

കാറിന്റെ സീറ്റിനടിയില്‍ രണ്ട് ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. സ്‌പെഷ്യല്‍ ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൂക്കോട്ടുംപാടം ഗ്രേഡ് എസ് ഐ ലീലാധരന്‍, വഴിക്കടവ് എ എസ് ഐ രാധാകൃഷ്ണന്‍, സി പി ഒമാരായ ബിനുകുമാര്‍, അബ്ദുല്‍നാസര്‍ എന്നിവരാണ് പണം കസ്റ്റഡിയിലെടുത്തത്.
വിവരമറിഞ്ഞ് എത്തിയ വഴിക്കടവ് എസ് ഐ എം ടി പ്രദീപ്കുമാര്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പെരിന്തല്‍മണ്ണ ഡി വൈ എസ് പി കെ പി വിജയകുമാര്‍, നിലമ്പൂര്‍ സി ഐ എ പി ചന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തി കൂടുതല്‍ ചോദ്യം ചെയ്തു. പ്രതികളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ് ചെയ്തു.