സോളാര്‍: കുരുവിളയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍

Posted on: August 30, 2013 11:35 pm | Last updated: August 31, 2013 at 12:48 am
SHARE

കൊച്ചി: സോളാര്‍ പ്ലാന്റിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് പണം തട്ടിയെന്ന ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിളയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ഫോറക്‌സ്, പാന്‍, ഏഷ്യാ ബ്രോക്കറേജ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കുരുവിളയെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. കുരുവിളയുടെ അറസ്റ്റ് ഒരു മാസത്തേക്കാണ് ജസ്റ്റിസ് വി കെ മോഹനന്‍ തടഞ്ഞത്. ഹൈക്കോടതിയിലെ കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന് സോളാര്‍ പ്ലാന്റ് തട്ടിപ്പ് കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കുരുവിള കോടതിയില്‍ പ്രത്യേക ഹരജി സമര്‍പ്പിച്ചത്.
ഫോറക്‌സ്, പാന്‍ ഏഷ്യാ ബ്രോക്കറേജ് എന്നീ സ്ഥാപനങ്ങളുമായി ബന്ധമില്ലെന്നും സ്ഥാപനങ്ങളുടെ ഡയറക്ടറല്ലെന്നും കുരുവിളയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതിന് ശേഷമാണ് കുരുവിളക്കെതിരെ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഒരു മാസത്തോളം റിമാന്‍ഡില്‍ കഴിയേണ്ടിവന്നുവെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
അതേസമയം, കുരുവിളയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ ഹരജി അപ്രസക്തമാണെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തതിനാല്‍ ഹൈക്കോടതിയിലെ ഹരജിയുമായി ബന്ധമില്ലാത്ത മറ്റു കേസുകളില്‍ കുരുവിളയെ അറസ്റ്റ് ചെയ്യരുതെന്ന ആവശ്യം അനുവദിക്കരുതെന്നും എ ജി ആവശ്യപ്പെട്ടു. എന്നാല്‍ കുരുവിള ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു.
എം കെ കുരുവിള 3,500 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ പാന്‍ ഏഷ്യാ ബ്രോക്കറേജ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നടത്തിയിട്ടുള്ളതായി കേസിലെ എതിര്‍കക്ഷികള്‍ കോടതിയില്‍ ആരോപിച്ചു. തങ്ങള്‍ കുരുവിളയുടെ തട്ടിപ്പിന്റെ ഇരകളാണെന്നും ഇവര്‍ ബോധിപ്പിച്ചു. കേസിലെ എതിര്‍കക്ഷികളായ ജില്‍ജിത്ത്, ആന്‍ഡ്രൂസ് എന്നിവര്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ കുരുവിള ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്നും 1.35 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് കുരുവിള കോടതിയെ സമീപിച്ചത്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും സി ബി ഐ അന്വേഷണമാണ് വേണ്ടതെന്നും ഇതിനായി പ്രത്യേക ഹരജി സമര്‍പ്പിക്കുമെന്നും കുരുവിളയുടെ അഭിഭാഷകന്‍ എം ദിനേശ് റാവു കോടതിയെ അറിയിച്ചു.