Connect with us

National

കേന്ദ്ര സര്‍വീസുകാര്‍ക്ക് അധിക പെന്‍ഷന്‍

Published

|

Last Updated

ന്യുഡല്‍ഹി: കേന്ദ്ര സര്‍വീസില്‍ നിന്ന് പെന്‍ഷന്‍ പറ്റി പിരിഞ്ഞ അഖിലേന്ത്യാ സര്‍വീസുകാര്‍ അടക്കമുള്ളവര്‍ക്ക് “അധിക പെന്‍ഷന്” അര്‍ഹത. ഇതിനായി വിരമിക്കലനന്തര ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. എണ്‍പത് വയസ്സ് പിന്നിട്ടവര്‍ക്കാണ് അധിക പെന്‍ഷന് അര്‍ഹത. നൂറ് വയസ്സ് പിന്നിട്ടവര്‍ക്ക് ഇരട്ടി തുക ലഭിക്കും.
ഐ എ എസ്, ഐ പി എസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് തുടങ്ങി അഖിലേന്ത്യാ സര്‍വീസിന്റെ ഭാഗമായിരുന്നവര്‍ക്കും കേന്ദ്രത്തിലെ മറ്റ് 37 സര്‍വീസുകളില്‍ നിന്ന് പിരിഞ്ഞവര്‍ക്കും ഈ പദ്ധതി ബാധകമാണ്. ഐ എ എസ്, ഐ പി എസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസുകാരുടെ പെന്‍ഷന്‍ ചട്ടങ്ങള്‍ മറ്റ് കേന്ദ്ര സര്‍വീസുകാരുടെതുമായി ഏകീകരിക്കാന്‍ പേഴ്‌സണല്‍ മന്ത്രാലയം കഴിഞ്ഞ മാസം ആള്‍ ഇന്ത്യ സര്‍വീസസ് (ഡത്ത് കം റിട്ടയര്‍മെന്റ്) ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇത് കാരണം ഗ്രേഡ് തലത്തിലുള്ള പെന്‍ഷന് വ്യവസ്ഥയുണ്ട്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍കാരെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
80 വയസ്സ് കഴിഞ്ഞാല്‍ അവരുടെ അടിസ്ഥാന പെന്‍ഷനില്‍ 20 ശതമാനത്തിന്റെ വര്‍ധന ലഭിക്കും. 85 മുതല്‍ 90 വരെ 30 ശതമാനം അധിക പെന്‍ഷന്‍ ലഭിക്കും. 90 മുതല്‍ 95 വരെ പ്രായമുള്ളവര്‍ക്ക് അധിക പെന്‍ഷന്‍ 40 ശതമാനമാണ്. 95 മുതല്‍ 100ല്‍ താഴെ പ്രായമുള്ളവര്‍ക്ക് 50 ഉം 100 വയസ്സ് പിന്നിട്ടവര്‍ക്ക് 100 ഉം ശതമാനം അധിക പെന്‍ഷന്‍ ലഭിക്കും.
10 വര്‍ഷത്തില്‍ കുറയാത്ത സര്‍വീസോടെ സര്‍ക്കാര്‍ ജീവനക്കാരന്‍ പിരിയുമ്പോള്‍, പെന്‍ഷന്‍ കണക്കാക്കുക അതുവരെ ലഭിച്ച വരുമാനത്തിന്റെ 50 ശതമാനമോ, വരുമാനത്തിന്റെ ശരാശരിയോ (ഇതില്‍ ഏതാണോ ജീവനക്കാര്‍ക്ക് ഗുണകരം) എന്ന് പരിഗണിച്ചായിരിക്കും. കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 3,500 രൂപയും കൂടിയ പ്രതിമാസ പെന്‍ഷന്‍ 45,000 രൂപയും ആണ്.
മുന്‍ കാലങ്ങളില്‍ വിവിധ ശമ്പള കമ്മീഷനുകള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ തീരുമാനം. പ്രായം കൂടുന്നതിനനുസരിച്ച് ചികിത്സാ ചെലവുകള്‍ അടക്കം കൂടിക്കൊണ്ടിരിക്കുന്നതിനാലാണ് പെന്‍ഷന്‍ കാര്യത്തില്‍ ഈ തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

Latest