നിര്‍മിതികളുടെ ഗുണമേന്മ: ചെറുകിട കരാറുകാര്‍ ശക്തിപ്പെടണം: കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ്

Posted on: August 29, 2013 8:01 am | Last updated: August 29, 2013 at 8:01 am
SHARE

കല്‍പറ്റ: നിര്‍മാണ പ്രവര്‍ത്തികളുടെ ഗുണമേന്മയും വേഗതയും വര്‍ധിപ്പിക്കാന്‍ ചെറുകിട ഇടത്തരം കരാറുകാരെ ശാക്തീകരിക്കാനും സംരക്ഷിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് കേരളാ ഗവ, കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രാദേശിക കരാറുകാരുടെ ശാക്തീകരണത്തിനായി ലോക ബേങ്ക് വായ്പാ പദ്ധതിയില്‍ പ്രത്യേക തുക വകയിരുത്തിരുന്നുവെങ്കിലും അത് അവഗണിക്കപ്പെട്ടു.
കേരളാ കരാറുകാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന പ്രവര്‍ത്തികള്‍ പോലും ഒരുമിച്ച് ചേര്‍ത്ത് വന്‍ പാക്കേജുകളായി ടെണ്ടര്‍ വിളിച്ച് കുത്തക കമ്പനികളെ സഹായിക്കുന്നത് അവസാനിപ്പിക്കണം. ഇത് നിര്‍മാണ ചെലവ് ഭീമമായി വര്‍ധിപ്പിക്കുന്നതിനും പണികള്‍ വൈകിപ്പിക്കുന്നതിനും കാരണമാകുന്നു. കണ്‍ട്രക് ഷന്‍ കോര്‍പ്പറേഷനും ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്കും സാധാരണ കരാറുകാരേക്കാള്‍ 10 ശതമാനം അധിക നിരക്ക് നല്‍കുന്നു. ഇതു മൂലം സംസ്ഥാന സര്‍ക്കാറിന് പ്രതിവര്‍ഷം 200 കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ഈ തുക ചെറുകിട കരാറുകാരെ ശാക്തീകരിക്കുന്നതിനായി അവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ടെണ്ടറില്‍ തുല്യ പരിഗണനയും നല്‍കണം.
തുല്യ നിരക്ക് വരുമ്പോള്‍ ചെറുകിടകരാറുകാരന് മുന്‍ഗണന നല്‍കണം. സംസ്ഥാനത്തെ ഏറ്റവും ചെറിയ കരാറുകാരന് പോലും പ്രതിവര്‍ഷം 50 ലക്ഷം രൂപയുടെ പ്രവര്‍ത്തികളെങ്കിലും ഏറ്റെടുക്കാന്‍ സാഹചര്യം സൃഷ്ടിക്കണം. ഒരു വിദഗ്ധ തൊഴിലാളിയുടെ വരുമാനമെങ്കിലും കരാറുകാരന് ലഭിക്കാന്‍ ഇത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
ലൈസന്‍സ് പുതുക്കുന്നതിന് ഒരു പ്രവര്‍ത്തിയെങ്കിലും പൂര്‍ത്തീകരിക്കുകയോ അഞ്ച് ടെണ്ടറുകളിലെങ്കിലും പങ്കെടുക്കുകയോ ചെയ്യണം. എ ബി ,സി ക്ലാസുകള്‍ യഥാക്രമം ഒരു കോടി, 50 ലക്ഷം, പത്ത് ലക്ഷം രൂപയുടെ സോള്‍വന്‍സിയോ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. ലഭിച്ച ബില്‍തുക, ബാങ്ക് വായ്പാ സൗകര്യം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇത് ലഭിക്കും. ബേങ്ക് ഗ്യാരണ്ടിയോ നിക്ഷേപമോ വേണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. രണ്ട് കോടി വരെ അടങ്കല്‍ വരുന്ന പ്രവര്‍ത്തികള്‍ക്ക് 2.5 ശതമാനം നിരക്കില്‍ പരമാവധി 5000 രൂപ ഇ എം ഡിയും അഞ്ച് ശതമാനം നിരക്കില്‍ പരമാവധി രണ്ട് ലക്ഷം രൂപ സെക്യൂരിറ്റിയും മതിയാകും.
എല്ലാ കരാരുകാര്‍ക്കും അടങ്കലിന്റെ 10 ശതമാനം കുറഞ്ഞ പലിശ നിരക്കില്‍ അഡ്വാന്‍സായി നല്‍കണമെന്നും സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി സതീഷ്‌കുമാര്‍, ജില്ലാ പ്രസിഡന്റ് ജയിംസ് കണ്ടാരപ്പള്ളി, പി ടി തോമസ്, ജോണി കൈതമറ്റം, കെ വി പൗലോസ്, ദീപു ജയിംസ് എന്നിവര്‍ ആവശ്യപ്പെട്ടു.