സി ഐ നോക്കി നില്‍ക്കെ ഭര്‍ത്താവിന് ഭാര്യയുടെ തൊഴി

Posted on: August 29, 2013 7:55 am | Last updated: August 29, 2013 at 7:55 am
SHARE

തിരൂരങ്ങാടി: സ്ത്രീധനമായി നല്‍കിയ സ്വര്‍ണം തിരികെ തരില്ലെന്ന് വാശിപിടിച്ച ഭര്‍ത്താവിനെ സി ഐയുടെ മുന്നില്‍ വെച്ച് ഭാര്യ തൊഴിച്ചു. തിരൂരങ്ങാടി സി ഐ അനില്‍ ബി റാവുത്തറാണ് സംഭവത്തിന് ദൃക്‌സാക്ഷിയായത്. മലപ്പുറം കോഡൂര്‍ പുളിയാട്ട്കുളം സ്വദേശിനിയായ 22 കാരിയും ചെറുമുക്ക് സ്വദേശിയായ യുവാവുമാണ് കുടുംബ പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം തിരൂരങ്ങാടി സി ഐക്ക് മുന്നിലെത്തിയത്. ആറ് മാസം മുമ്പ് വിവാഹിതരായ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നു. പരിഹാരത്തിനായി നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡന്റും ഇടപെട്ടിരുന്നെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് സി ഐക്ക് മുന്നിലെത്തിയത്. ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും സ്വര്‍ണം ഭാര്യയുടെ പക്കലാണെന്നുമുള്ള ഇയാളുടെ സംസാരങ്ങളാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതു കേട്ടയുടന്‍ യുവതി കാല്‍ മടക്കി ഭര്‍ത്താവിനെ തൊഴിക്കുകയായിരുന്നു. 40 പവന്‍ സ്വര്‍ണമാണ് യുവതിക്ക് നല്‍കിയിരുന്നത്. ബാംഗ്ലൂരില്‍ ബേക്കറി ജോലി ചെയ്യുന്ന യുവാവ് വീടിനടുത്ത് കള്ളന്‍ കയറിയ കാര്യം പറഞ്ഞ് സ്വര്‍ണം ഊരിവാങ്ങി ലോക്കറില്‍ വെച്ചിട്ടുണ്ടെന്നാണ് അന്വേഷിക്കുമ്പോള്‍ പറയാറുള്ളതെന്നും പിന്നീട് മകളെ മര്‍ദിക്കുക പതിവായിരുന്നെന്നും യുവതിയുടെ പിതാവ് പറഞ്ഞു. സ്വര്‍ണം ലഭിക്കാന്‍ തിരൂരങ്ങാടി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.