Connect with us

National

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കരുത്: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പീഡനക്കേസില്‍ പ്രതിക്ക് ഇര മാപ്പ് നല്‍കിയാലും കേസ് ഒത്തുതീര്‍പ്പാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇത്തരം കാര്യങ്ങളില്‍ കീഴ്‌ക്കോടതികള്‍ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു.
പലപ്പോഴും വിചാരണക്കോടതികളില്‍ ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നുണ്ട്. ഈ പ്രവണത വര്‍ധിച്ചു വരുന്നത് നിയമ സംവിധാനത്തിന് ദോഷകരമാണെന്നും കോടതി ഓര്‍മപ്പെടുത്തി. കേസ് പരിഗണിക്കുന്ന കീഴ്‌ക്കോടതികള്‍ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യുന്നതും മറ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനവും വ്യാപകമാണ്. നിയമം കോടതികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യാനുള്ള അധികാരം നല്‍കുന്നത് പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ്. ഈ സാഹചര്യം പീഡനം നടത്തുന്നവര്‍ക്ക് ബാധകമാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വിചാരണയിലെ കാലതാമസവും മറ്റുമാണ് പലപ്പോഴും കേസ് ഒത്തുതീര്‍പ്പാക്കുന്നതിലേക്ക് ഇരകളെ പ്രേരിപ്പിക്കുന്നത്. പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് കോടതിയുടെ നിലപാടെന്നും ബഞ്ച് നിരീക്ഷിച്ചു. ബലാത്സംഗം സ്ത്രീകള്‍ക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമം മാത്രമല്ല. സമൂഹത്തിന് എതിരെയുള്ള കുറ്റകൃത്യമാണന്നും സുപ്രീം കോടതി കീഴ്‌ക്കോടതികളെ ഓര്‍മിപ്പിച്ചു.

 

 

Latest