കോയമ്പത്തൂര്‍- പാലക്കാട് റോഡിന് ശാപമോക്ഷമാകുന്നു

Posted on: August 26, 2013 12:43 pm | Last updated: August 26, 2013 at 12:55 pm
SHARE

കോയമ്പത്തൂര്‍: നഗരത്തിലെ ഏറ്റവും തിരക്കേറിയതും അപകടങ്ങള്‍ സൃഷ്ടിക്കുന്നതുമായ പാലക്കാട് റോഡിനു ശാപമോക്ഷമാകുന്നു. റോഡില്‍ കോവൈപുതൂര്‍ ജംഗ്ഷന്‍ മുതല്‍ ആത്തുപ്പാലം വരെയുള്ള ഭാഗം വീതികൂട്ടി നാലുവരി പാതയാക്കുന്ന ജോലികള്‍ ഒക്‌ടോബറോടെ പൂര്‍ത്തിയാകും. നാലുവരി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ക്കു തുടക്കമായി. കോവൈപുതൂര്‍ ജംഗ്ഷന്‍ മുതലാണു ഡിവൈഡറുകള്‍ സ്ഥാപിച്ചു തുടങ്ങിയിരിക്കുന്നത്.——ഒരു കിലോമീറ്ററോളം ഭാഗത്ത് ഇവ സ്ഥാപിച്ചു കഴിഞ്ഞു. സിമന്റില്‍ തീര്‍ത്ത ബ്ലോക്കുകളാണു റോഡിന്റെ ഇരുഭാഗവും തമ്മില്‍ വേര്‍തിരിക്കുന്നതിനായി ഉപയോഗിക്കുന്നത്. കോവൈപുതൂര്‍ ജംഗ്ഷന്‍ മുതല്‍ ആത്തുപ്പാലം വരെയുള്ള നാലു കിലോമീറ്ററോളം റോഡാണ് ആദ്യഘട്ടത്തില്‍ നാലുവരിയാക്കി മാറ്റുന്നത്.——ഇതില്‍ ചുണ്ണാമ്പുകാല്‍വൈയിലെ പാലമടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കുനിയമുത്തൂര്‍ ജംഗ്ഷനിലെ മൂന്നു കലുങ്കുകളില്‍ ഒന്നിന്റെ നിര്‍മാണം പൂര്‍ത്തിയായി. മറ്റു രണ്ടെണ്ണം അവസാന ഘട്ടത്തിലാണ്. പത്തുമീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് 15. 20 മീറ്ററായാണു വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ചു കോടി രൂപ ചെലവിലാണു റോഡ് നാലുവരിപ്പാതയായി മാറ്റുന്നത്.——ഈ പ്രവൃത്തിയില്‍ കുനിയമുത്തൂര്‍ ജംക്ഷനിലും സമീപത്തുമുള്ള പ്രദേശങ്ങളില്‍ ഒഴികെ മെക്കാഡം ടാറിങ് നടത്തി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുനിയമുത്തൂരിലും മുകള്‍ത്തട്ടിലെ രണ്ടു ലെയര്‍ ടാറിങ് കൂടിയേ പൂര്‍ത്തിയാകാനുള്ളു.——
ഇതാകട്ടെ കലുങ്കുകളുടെ നിര്‍മാണം പൂര്‍ത്തിയായാലുടന്‍ ആരംഭിക്കും. ദേശീയപാത 47ന്റെ ഭാഗമായിരുന്നു ഈ റോഡ്. നഗരത്തിനു പുറത്തുകൂടി ദേശീയപാതക്ക് മധുക്കരയില്‍നിന്നു നീലാംമ്പൂരിലേക്കു ബൈപാസ് റോഡ് വന്നതോടെ സംസ്ഥാനത്തിനു കൈമാറുകയായിരുന്നു. പാലക്കാട് റോഡിലെ തിരക്കു പരിഗണിച്ചു റോഡിനു വീതി കൂട്ടണമെന്ന ആവശ്യത്തിനു വളരെ നാളുകളുടെ പഴക്കമുണ്ട്. വൈദ്യുതിക്കാലുകളും മറ്റും മാറ്റി സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസം നിര്‍മാണ ജോലികള്‍ക്കു തടസ്സമായിരുന്നു. ഇപ്പോള്‍ ഈ ജോലി പൂര്‍ണമായിട്ടുണ്ട്. റോഡിനു വീതി കുറവെന്നതിനൊപ്പം ചെറിയ ഇടറോഡുകളിലും നിന്നും മറ്റും കയറി വരുന്ന വാഹനങ്ങള്‍ റോഡിനു കുറുകെ മുറിച്ചു കടക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.——
ആയിരക്കണക്കിനു വാഹനങ്ങള്‍ പോകുന്ന റോഡെന്നതുപരിഗണിക്കാതെ കാല്‍നടക്കാരും തോന്നിയപോലെ റോഡു മുറിച്ചു കടക്കുന്നതുമൂലവും അപകടങ്ങള്‍ ധാരാളമായിരുന്നു. ഡിവൈഡര്‍ സ്ഥാപിച്ചു കൃത്യമായ ഇടവേളകളില്‍ സീബ്രാലൈനുകള്‍ രേഖപ്പെടുത്തി സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചാല്‍ ഈ അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാവുന്നതാണ്. റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുന്നതിനൊപ്പം സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വീതികൂട്ടിയ റോഡില്‍ യാത്ര സുഗമമാക്കാന്‍ ഇതുകൂടി ഉണ്ടെങ്കിലേ സാധ്യമാവൂ.