റേഷന്‍ സാധനങ്ങളുടെ തോതും വിലയും സപ്ലൈ ഓഫീസര്‍ പ്രസിദ്ധപ്പെടുത്തിയില്ല

Posted on: August 26, 2013 12:32 pm | Last updated: August 26, 2013 at 12:32 pm
SHARE

വടകര: താലൂക്കിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആഗസ്റ്റ് മാസം വിതരണം ചെയ്യേണ്ട റേഷന്‍ സാധനങ്ങളുടെ തോതും വിലയെക്കുറിച്ചുള്ള അറിയിപ്പുകളും പ്രസിദ്ധപ്പെടുത്താത്തത് പ്രതിഷധത്തിനിടയാകുന്നു. എ പി എല്‍, ബി പി എല്‍, എ വൈ എല്‍, എ പി എല്‍, എസ് എസ് തുടങ്ങിയ കാര്‍ഡുകള്‍ക്ക് ലഭിക്കേണ്ട അരി, പഞ്ചസാര, ഗോതമ്പ്, മണ്ണെണ്ണ, ആട്ട എന്നിവയുടെ തോതും, വിലയെ സംബന്ധിച്ചും ജൂലൈ മാസം വരെ സപ്ലൈ ഓഫീസര്‍ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാസം അവസാനിക്കാറായിട്ടും ആഗസ്റ്റ് മാസത്തെ ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ വിലയെപ്പറ്റിയും അളവിനെ പറ്റിയും പലര്‍ക്കും അറിവില്ലാത്തത് കാരണം റേഷന്‍ വിതരണക്കാര്‍ ചൂഷണം ചെയ്യുന്ന അവസ്ഥ സംജാതമായിരുന്നു. ഇത്തരം റേഷന്‍ സാധനങ്ങള്‍ തിരിമറി നടത്തി വന്‍ ലാഭം കൊയ്യുന്നതും പതിവായിരുന്നു. ഇതിനിടയില്‍ ഇത്തരത്തില്‍ വെട്ടിപ്പ് നടത്തുമ്പോള്‍ 80 ചാക്ക് ഗോതമ്പ് പിടികൂടിയതുമായി ബന്ധപ്പെട്ടുണ്ടായ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് ഓരോ മാസവും ഉപഭോക്താവിന് ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ തോതും, വിലയും പത്രത്തിലൂടെ ഉപഭോക്താക്കളെ അറിയിക്കാന്‍ തീരുമാനമെടുത്തത്. തോതും, വിലയും ഉപഭോക്താക്കളെ അറിയിക്കാന്‍ നടപടിയെടുക്കാത്തത് റേഷന്‍ ലോബിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ആരോപണമുയര്‍ന്നിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here