Connect with us

International

രാസായുധ ആക്രമണം: സിറിയന്‍ നിലപാടിനെ നിരാകരിച്ച് പാശ്ചാത്യ രാജ്യങ്ങള്‍

Published

|

Last Updated

ദമസ്‌കസ്: കനത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ രാസായുധ ആക്രമണം സംബന്ധിച്ച യു എന്‍ അന്വേഷണത്തിന് സിറിയ അനുമതി നല്‍കിയെങ്കിലും സിറിയയുടെ നിലപാടുകളെ പാശ്ചാത്യ രാജ്യങ്ങള്‍ നിരാകരിക്കുകയാണ്. സംഭവത്തില്‍ സിറിയന്‍ ഭരണകൂടത്തിനെതിരായ സൂചനകള്‍ വര്‍ധിച്ചു വരികയാണെന്ന് അമേരിക്കയും ബ്രിട്ടനും കുറ്റപ്പെടുത്തി.
രാസായുധ ആക്രമണം നടന്നുവെന്ന് സംശയിക്കുന്ന മൂന്നിടങ്ങളില്‍കൂടി യു എന്‍ നിരീക്ഷകര്‍ അന്വേഷണം നടത്തണമെന്ന് ദമാസ്‌കസിലുള്ള മുതിര്‍ന്ന യു എന്‍ പ്രതിനിധി സമ്മര്‍ദം ചെലുത്തി. പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ ഭരണകൂടം ബുധനാഴ്ച നടത്തിയ രാസായുധ ആക്രമണത്തില്‍ 1,300ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. നാഡിയില്‍ വിഷബായേറ്റെന്ന് കരുതുന്ന 355പേര്‍ മരിച്ചതായി ഡോക്ടര്‍മാരും പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും അസദിന്റെ സൈന്യം രാസായുധപ്രയോഗം നടത്തിയതായാണ് പാശ്ചാത്യരാജ്യങ്ങള്‍ ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിലിടപെടുകയെന്ന നിലപാട് കര്‍ക്കശമാക്കാന്‍ കാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്ക് ശേഷം ഒബാമ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ഫോണില്‍ ബന്ധപ്പെടുകയും പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഏതു സമയത്തും സിറിയയില്‍ ഇടപെടാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍ വ്യക്തമാക്കി.
എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം ഇപ്പോഴും വസ്തുതകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. സിറിയന്‍ ദൗത്യത്തിന് സജ്ജമായിരിക്കാന്‍ കമാന്‍ഡര്‍മാക്ക് നിര്‍ദേശം നല്‍കിയ ഒബാമ, രഹസ്യാന്വേഷണ വിഭാഗത്തോട് വിവരങ്ങള്‍ ശേഖരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. രാസായുധ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്വം സിറിയന്‍ സര്‍ക്കാറിന്റെതാണെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ്ഡും വ്യക്തമാക്കിയിട്ടുണ്ട്.

Latest