രാജ്യത്തിന്റെ സമഗ്ര വികസനം കോണ്‍ഗ്രസിനേ കഴിഞ്ഞിട്ടുള്ളൂ: ദീപക് ബബ്‌രിയ

Posted on: August 25, 2013 7:54 am | Last updated: August 25, 2013 at 7:54 am
SHARE

വടകര: മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യ സംവിധാനത്തിലൂടെ രാജ്യത്തിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നല്‍കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനേ കഴിഞ്ഞിട്ടുള്ളൂവെന്ന് എ ഐ സി സി സെക്രട്ടറി ദീപക് ബബ്‌രിയ. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി താലൂക്കിലെ മണ്ഡലം, ബ്ലോക്ക്തലത്തിലുള്ള പ്രധാന നേതാക്കളെ നേരില്‍ കണ്ട് ആശയവിനിമയം നടത്താനും പാര്‍ട്ടിയെ ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ തേടാനും വേണ്ടിയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപക് ബാബ്‌രിയ വടകരയിലെത്തിയത്.
രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. യു പി എ സര്‍ക്കാര്‍ അടിസ്ഥാന വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ സുമ ബാലകൃഷ്ണന്‍, എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, സജി ജോസഫ്, ഐ കെ രാജു, പ്രേമചന്ദ്രന്‍, ത്രിവിക്രമന്‍ തമ്പി, കെ ജയന്ത്, കെ പ്രവീണ്‍കുമാര്‍, കൂട്ടാളി അശോകന്‍, പി എം ചന്ദ്രന്‍, ഐ മൂസ്സ, സി വി അജിത്ത്, പി കെ ഹബീബ്, അരയില്ലത്ത് രവി പ്രസംഗിച്ചു.