വടകര- ആയഞ്ചേരി- തീക്കുനി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

Posted on: August 24, 2013 12:39 pm | Last updated: August 24, 2013 at 12:39 pm
SHARE

വടകര: ബസ് ജീവനക്കാരനെ മര്‍ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വടകര – ആയഞ്ചേരി – തീക്കുനി റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ബസ് സര്‍വീസ് നിര്‍ത്തിയതോടെ ഈ റൂട്ടുകളിലെ വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി.
വടകര നിന്ന് കോട്ടപ്പള്ളി വരെ ജീപ്പ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കോട്ടപ്പള്ളി നിന്നും ആയഞ്ചേരി, തീക്കുനി, അരൂര്‍, കക്കട്ട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടി. തിങ്കളാഴ്ച മുക്കടത്തും വയലില്‍ വെച്ചാണ് ദുര്‍ഗാദേവി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ സമീഷിനെ മര്‍ദിച്ചത്. ബസ് ജീവനക്കാരനെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാത്ത പോലീസ് ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരിക്കയാണ്.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, കള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വടകര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂനിയന്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഈ മാസം 26 മുതല്‍ വില്യാപ്പള്ളി, തിരുവള്ളൂര്‍ ഭാഗങ്ങളില്‍ നിന്ന് ആയഞ്ചേരിയിലേക്കും 29 മുതല്‍ താലൂക്കിലാകെയും അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ യോഗം തീരുമാനിച്ചു.
എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി രാമചന്ദ്രന്‍, കെ പവിത്രന്‍, അഡ്വ. ഇ നാരായണന്‍ നായര്‍, കെ എന്‍ എ അമീര്‍, കെ പ്രകാശന്‍, വിനോദ് ചെറിയത്ത്, എരഞ്ഞിക്കല്‍ രവി, മീനത്ത് മൊയ്തു, പി ആര്‍ രമേഷ്, എ സതീശന്‍ പ്രസംഗിച്ചു.