Connect with us

International

മുബാറക്കിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

കൈറോ: 30 വര്‍ഷത്തെ ഭരണത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നിഷ്‌കാസിതനായ ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ ജയില്‍ ആശുപത്രിയില്‍ നിന്ന് സൈനിക ആശുപത്രിയിലേക്ക് മാറ്റി.
84 വയസ്സുള്ള ഹുസ്‌നി മുബാറക്കിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സൈനിക ഭരണകൂടത്തിന്റെ നടപടി. 2011ലെ ജനകീയ സമരകാലത്ത് പ്രക്ഷേഭകരെ കൂട്ടക്കൊല ചെയ്ത കേസില്‍ മുബാറക്കിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മറ്റ് കേസുകളില്‍ അദ്ദേഹം ജയില്‍മോചിതനായിരുന്നു. കൈറോക്കടുത്തുള്ള മാഡിയിലെ സൈനിക ആശുപത്രിയിലാണ് മുബാറക്കിനെ ചികിത്സിക്കുക.
എന്നാല്‍ മുബാറക്കിന്റെ നിയമോപദേശകര്‍ അദ്ദേഹത്തെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്. ശ്വാസതടസ്സവും ഹൃദ്രോഗവും അടക്കം നിരവധി രോഗങ്ങള്‍ മുബാറക്കിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുബാറക്കിനെ പബഌക് പ്രോസിക്യൂട്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ജൂലൈ 16ന് ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു. വിചാരണ നേരിടുന്ന സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഉഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഭരണകാലത്ത് മുബാറക്കിന്റെ കുടുംബം അളവറ്റ സമ്പത്ത് കൈക്കലാക്കി എന്ന കേസിലാണ് അദ്ദേഹത്തെ വെറുതെ വിട്ടിരിക്കുന്നത്. മുബാറക്കിന്റെ രണ്ട് മക്കളും ജയിലില്‍ വിചാരണ നേരിടുകയാണ്.

Latest