Connect with us

Kerala

നിത്യോപയോഗ മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ നീക്കം

Published

|

Last Updated

പാലക്കാട്: ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറക്കുന്ന ഉത്തരവിന്റെ മറവില്‍ നിത്യോപയോഗ മരുന്നുകളുടെ വില വര്‍ധിപ്പിക്കുന്നു. കൊളസ്റ്ററോള്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവക്കുള്ള മരുന്നുകളുടെ വിലയാണ് കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത്.
കേന്ദ്ര ആരോഗ്യ നയത്തിന്റെ ഭാഗമായി 293 മരുന്നുകള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. അഞ്ച് ഘട്ടങ്ങളായി നടത്തുന്ന വില നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം മുതലാണ് കൊളസ്റ്ററോള്‍, പ്രമേഹം, രക്തസമ്മര്‍ദം എന്നിവക്കുള്ള മരുന്നുകളുടെ വില വര്‍ധിപ്പിച്ചത്. വിലനിയന്ത്രണം നടപ്പാക്കുന്നതോടെ നിത്യോപയോഗ മരുന്നുകള്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ വില വര്‍ധിക്കും. ജീവന്‍രക്ഷാ മരുന്നുകളുടെ വില താഴ്ന്നത് മൂലം കമ്പനിക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് ഏറെ ആവശ്യക്കാരുള്ള നിത്യോപയോഗ മരുന്നുകളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍ വില നിയന്ത്രണ ഉത്തരവ് പാലിക്കാത്ത മെഡിക്കല്‍ ഷോപ്പുകളില്‍ പഴയ വിലയില്‍ തന്നെയാണ് മരുന്നുകള്‍ വില്‍ക്കുന്നത്.
അതിനിടെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ജനറിക് മരുന്ന് വിതരണപദ്ധതി വഴി ഗുണനിലവാരം കൂടിയ മരുന്നുകള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അടുത്ത വര്‍ഷം മുതല്‍ കെ എം എസ് സി എല്ലിന്റെ ടെന്‍ഡറില്‍ ബഹുരാഷ്ട്ര കമ്പനികളും പങ്കെടുക്കും. കാരുണ്യപദ്ധതിയില്‍ പരമാവധി വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുമെന്ന് മുംബൈയില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ യോഗത്തില്‍ കമ്പനികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
രാജ്യാന്തര കമ്പനികളായ സിപ്ല, സണ്‍, ഡോ റെഡ്ഡീസ്, ഗ്ലാക്‌സോ, ബയോകോണ്‍ തുടങ്ങിയവയെ സൗജന്യ മരുന്ന് പദ്ധതിയില്‍ പങ്കെടുപ്പിക്കാനാണ് കെ എം എസ സി എല്‍ ശ്രമം തുടങ്ങിയത്. കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന മീറ്റില്‍ 51 കമ്പനികള്‍ പങ്കെടുത്തു.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും ജനറല്‍ ആശുപത്രികളും വഴി 937 മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഇവയി ല്‍ 518 അവശ്യമരുന്നുകളും 107 ക്യാന്‍സര്‍ മരുന്നുകളും ഉള്‍പ്പെടുന്നു.
സൗജന്യ ജനറിക് മരുന്ന് വിതരണം ഈ നവംബര്‍ മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രഖ്യാപനം. കാരുണ്യ പദ്ധതിക്കായി പതിനായിരത്തോളം ബ്രാന്‍ഡ് മരുന്നുകളാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് വാങ്ങുന്നത്.
പത്ത് ഔട്ട്‌ലറ്റുകളിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവും കഴിഞ്ഞവര്‍ഷം ഉണ്ടായി.
കാരുണ്യ പദ്ധതിയുടെ വിജയം കൂടിയാണ് സൗജന്യ മരുന്ന് പദ്ധതിയുടെ ടെന്‍ഡറില്‍ കുറഞ്ഞ നിരക്കില്‍ പങ്കെടുക്കാമെന്ന സമ്മതം അറിയിക്കാന്‍ ബഹുരാഷ്ട്രകമ്പനികളെ പ്രേരിപ്പിച്ചത്. അടുത്ത വര്‍ഷം മുതല്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പേറഷന്‍ ഇ ടെന്‍ഡറിംഗ് വഴിയാണ് കമ്പനികളെ തിരഞ്ഞെടുക്കുക.

Latest