Connect with us

National

രഹസ്യാന്വേഷണ ഏജന്‍സികളുടെ ഓഫീസുകള്‍ക്ക് കൂടുതല്‍ സുരക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്, ഇന്റലിജന്‍സ് ബ്യൂറോ, ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍ തുടങ്ങിയവയുടെ കെട്ടിടങ്ങള്‍ക്കും മറ്റു സംവിധാനങ്ങള്‍ക്കും സുരക്ഷയൊരുക്കാനായി കേന്ദ്രം 1800 സായുധ സൈനികരെ കൂടി നിയോഗിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഉടന്‍ തന്നെ പുതിയ സൈനികരെക്കൂടി ഉള്‍പ്പെടുത്തി സുരക്ഷാ വലയം ശക്തമാക്കും.
ഇത്തരം തന്ത്രപ്രധാന സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണ ഭീഷണിയുണ്ടെന്നാണ് വിവിധ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തി രക്ഷയുടെ ചുമതലയുള്ള സൈനിക വിഭാഗമായ സശസ്ത്ര സീമാ ബലി (എസ് എസ് ബി)ല്‍ നിന്നാണ് 1800 സൈനികരെ പുതുതായി കണ്ടെത്തുക.
ദേശീയ തലസ്ഥാനത്തെ റോ, നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഐ ബി തുടങ്ങിയവയുടെ കാര്യാലയത്തിന് ഇപ്പോള്‍ തന്നെ സുരക്ഷാ സംവിധാനമുണ്ട്. ഇവ കൂടുതല്‍ ശക്തമാക്കുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള കാര്യാലയങ്ങള്‍ക്കും പ്രത്യേക സുരക്ഷ ലഭ്യമാക്കുകയുമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട സൈനികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.