തമിഴ്‌നാട്ടില്‍ നിന്ന് അരിയെത്തിച്ച് കുറഞ്ഞ വിലക്ക് നല്‍കാന്‍ നടപടി

Posted on: August 21, 2013 12:00 am | Last updated: August 21, 2013 at 12:00 am
SHARE

page 01 copyതിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലക്ക് അരിയെത്തിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. ഓണത്തിന് മുന്നോടിയായി വില കുറഞ്ഞ അരി ഒരാഴ്ചക്കകം ലഭ്യമാകുന്നതിനായി പരമാവധി അരി തമിഴ്‌നാട്ടില്‍ നിന്ന് ശേഖരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നെല്ലിന്റെ വിളവെടുപ്പ് കാലമായതിനാല്‍ കുറഞ്ഞ വിലക്ക് അരി അവിടെ നിന്ന് വാങ്ങി മാര്‍ക്കറ്റുകളില്‍ സുലഭമായി എത്തിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലയില്‍ ക്രമാതീതമായ വര്‍ധനയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പൂഴ്ത്തിവെപ്പുകാരെ നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിയന്ത്രണങ്ങള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇത് നേരിടാന്‍ കരിഞ്ചന്തക്കാരുമായും പൂഴ്ത്തിവെപ്പുകാരുമായും ഒത്തുകളിക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഓണക്കാലത്ത് അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനവ്യാപകമായി റെയ്ഡുകളും മിന്നല്‍ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. മിന്നല്‍ പരിശോധനയുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മാവേലി സ്റ്റോറുകളിലും സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലും പച്ചക്കറി വില്‍ക്കുന്നതിനായി ഹോര്‍ട്ടികോര്‍പ്പിന് സ്ഥലം നല്‍കും. എന്നാല്‍, സാധനം എത്തിക്കേണ്ടതും വില്‍പ്പന നടത്തേണ്ടതും കൃഷി വകുപ്പാണ്. ഇക്കാര്യത്തില്‍ ഭക്ഷ്യ വകുപ്പും കൃഷി വകുപ്പും യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ധാരണയായിട്ടുണ്ട്. ഓണക്കാലത്ത് സപ്ലൈകോ സംസ്ഥാനത്താകെ 1,280 ഓണം ഫെയറുകള്‍ ആരംഭിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ നിലവില്‍ ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് തമിഴ്‌നാടന്‍ ചന്തകളില്‍ ഇടനിലക്കാര്‍ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. കോയമ്പത്തൂര്‍, പൊള്ളാച്ചി, ഉദുമല്‍പേട്ട, കിണത്തുക്കടവ്, ആനമല ചന്തകളിലാണ് ഇടനിലക്കാരുടെ കൈകടത്തലുകള്‍ കൂടുതലുള്ളത്.
പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പച്ചക്കറികള്‍ ഇടനിലക്കാര്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി പിന്നീട് തമിഴ്‌നാടന്‍ പച്ചക്കറിയെന്ന പേരില്‍ കേരളത്തിലെത്തിക്കുന്ന പ്രവണത തടയുന്നതിനും നടപടി സ്വീകരിക്കും. അതേസമയം ഇത്തവണത്തെ കനത്ത മഴ കിഴക്കന്‍ മേഖലയിലെ പച്ചക്കറി കൃഷിയെ താറുമാറാക്കിയിരുന്നു. നെന്മാറ, കൊല്ലങ്കോട് മേഖലയിലെ പച്ചക്കറി കൃഷി നാമമാത്രമായി ചുരുങ്ങിയതും മധ്യ കേരളത്തിലെ പച്ചക്കറി മാര്‍ക്കറ്റില്‍ പ്രത്യാഘാതമുണ്ടാക്കി. പാവക്ക, ബീന്‍സ്, കോളി ഫഌവര്‍, ബീറ്റ്‌റൂട്ട്, ഉള്ളി, തക്കാളി, ഏത്തക്ക തുടങ്ങിയവക്ക് അഞ്ച് മുതല്‍ ഇരുപത് വരെ രൂപ വര്‍ധനവാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. പച്ചമുളക്, സവാള, പയര്‍ തുടങ്ങിയ മിക്കയിനങ്ങള്‍ക്കും എഴുപത് രൂപക്ക് മുകളിലാണ് വില. ഇഞ്ചി കിലോക്ക് മുന്നൂറ് രൂപയാണ് വില. കൂടാതെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികള്‍ക്ക് ഒരേയിനത്തില്‍ പോലും നിരക്കില്‍ വലിയ വ്യത്യാസമാണ് പ്രകടമാകുന്നത്.