Connect with us

Gulf

ഖത്തര്‍ പോലീസില്‍ സുരക്ഷാ പാലനത്തിനായി പ്രത്യേക പരിശീലനം

Published

|

Last Updated

ദോഹ: ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പോലിസ് ട്രെയിനിംഗ് ഇന്സ്റ്റിറ്റിയൂട്ടില്‍ നിന്ന് “സുരക്ഷാ കാഴ്ചപ്പാടി”ലും “ശരീരഭാഷ”യിലും പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാരുടെ ഒന്നാം സംഘം പുറത്തിറങ്ങി.ആഗസ്റ്റ് പതിനെട്ടു മുതല്‍ ഇരുപതു വരെയുള്ള കാലയളവില്‍ ട്രെയിനിംഗ് ഇന്സ്റ്റിറ്റിയൂട്ടില്‍ വെച്ച് നടന്ന പരിശീലന സംഗമത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്ടുകളില്‍ നിന്നായി പതിനാലോളം ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തീകരിച്ചത്. രാജ്യത്തെ സുരക്ഷാ പാലനരംഗത്തും മറ്റു ബന്ധപ്പെട്ട മേഖലകളിലും പുരോഗമനാത്മകമായ കുതിച്ചുചാട്ടം നടത്താന്‍ ഇത്തരം പുതിയ കാല്‍ വെപ്പുകള്‍ നിമിത്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് പ്രകടമാകുന്ന വിവിധ രംഗങ്ങളിലെ പുരോഗതി, വളരെ മികച്ചതും മേന്മയുള്ളതുമായ സേവനം പൊതുസമൂഹത്തിനു നല്‍കണമെന്ന് നമ്മോടു ആവശ്യപ്പെടുന്നുണ്ടെന്ന് പോലിസ് ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ട് ആക്റ്റിംഗ് അസിസ്റ്റന്റ്‌റ് ഡയറകറ്റര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അലി അല്‍ മുഹന്നദി പറഞ്ഞു. സാമൂഹിക സുരക്ഷാ പാലനത്തില്‍ ഏറെ ഉപകാരപ്പെടുന്ന “സുരക്ഷാ കാഴ്ചപ്പാടി”ലും “ശരീരഭാഷ” മനസ്സിലാക്കുന്നതിലും ഉന്നത പരിശീലനം ഉറപ്പാക്കുന്നതില്‍ മന്ത്രാലയം മികച്ച ശ്രദ്ധയും താല്‍പര്യവും പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest