Connect with us

Gulf

'മാധ്യമരംഗത്ത് സാംസ്‌കാരിക വിപ്ലവം അനിവാര്യം'

Published

|

Last Updated

ദുബൈ: സാമൂഹിക പുരോഗതിക്കുതകുന്ന മാധ്യമ പ്രവര്‍ത്തനത്തിന് പകരം ബ്രേക്കിംഗ് ന്യൂസുകള്‍ക്കുവേണ്ടി പരസ്പരം പോരാടുന്ന മാധ്യമ സംസ്‌കാരം വളരുന്നത് അപകടരമാണെന്നും മാധ്യമ രംഗത്ത് സാംസ്‌കാരിക വിപ്ലവം അനിവാര്യമാണെന്നും എഴുത്തുകാരി ഷീലാ പോള്‍ പ്രസ്താവിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചിരന്തന സാംസ്‌കാരികവേദി ഒരുക്കിയ “സ്വതന്ത്ര ഭാരതത്തിലെ മാധ്യമങ്ങള്‍ ബഹുസ്വരമോ സ്വപക്ഷമോ” വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിക്കലും തളരാത്ത പോരാട്ട വീര്യം പകര്‍ന്നു നല്‍കി ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിച്ചത് ആ കാലത്തെ മാധ്യമങ്ങളാണെന്നും എന്നാല്‍ ഇന്ന് വ്യക്തിഹത്യയും മദാലസ വീര്യവും പകര്‍ന്ന് നല്‍കുന്നതിലെ സാംസ്‌കാരിക രാഹിത്യം പുതു തലമുറയെ അരാഷ്ട്രീയവാദികളാക്കാനേ ഉപകരിക്കൂവെന്ന് വിഷയം അവതരിപ്പിച്ച ഒ ഐ സി സി സെക്രട്ടറി എ നാസര്‍ പറഞ്ഞു. ജനകീയാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഭരണകൂട പീഡനത്തിനിരയാകുമ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ മുന്‍നിര മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ മുന്നോട്ടു വരാറില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജലീല്‍ പട്ടാമ്പി പറഞ്ഞു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഡോ. വി എ ലത്തീഫ്, നാരായണന്‍ വെളിയങ്കോട്, നസീര്‍ പാനൂര്‍, ജി നാഗപ്പന്‍, യാസര്‍ ഹമീദ്, ആര്‍ പി മൊയ്തീന്‍കുട്ടി, ഫൈസല്‍ കണ്ണോത്ത്, ഷാഹിദ് നടുക്കണ്ടി, മുനീര്‍ കുമ്പള, നൗഷാദ് കന്യപ്പാടി, കെ പി ബഷീര്‍, സി പി മുസ്തഫ, സമീര്‍ ചാവക്കാട്, എസ് കെ പി ശംസുദ്ദീന്‍ പ്രസംഗിച്ചു.
ഐ എന്‍ എസ് സിന്ധു രക്ഷക് മുങ്ങിക്കപ്പല്‍ അപകടത്തില്‍ പെട്ടവര്‍ക്കും കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ വെടിയേറ്റ് മരിച്ച ഇന്ത്യന്‍ ജവാന്‍മാര്‍ക്കും അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സെമിനാറില്‍ ആക്ടിംഗ് ജന. സെക്രട്ടറി നാസര്‍ പരദേശി സ്വാഗതവും സെക്രട്ടറി സി പി ശിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest