Connect with us

Ongoing News

ഡെപ്യൂട്ടേഷനില്‍ കേന്ദ്രത്തിലേക്ക് പോയ ഐ എ എസുകാരെ തിരിച്ച് വിളിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സംസ്ഥാനം വിട്ട ഐ എ എസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഐ എ എസ് ഉദ്യോഗസ്ഥരുടെ കുറവ് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. തീരുമാനങ്ങള്‍ യഥാസമയം നടപ്പാക്കുന്നതിനും ഫയലുകള്‍ തീര്‍പ്പാക്കുന്നതിനും ഉദ്യോഗസ്ഥരുടെ കുറവ് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചീഫ്‌സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജോലി ഭാരം മൂലം കൃത്യമായ ഭരണ നിര്‍വഹണം സാധ്യമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

കേരളത്തിന് ആവശ്യമായ ഐ എ എസ് ഉദ്യോഗസ്ഥരുടെ പകുതി മാത്രമാണ് ഇപ്പോഴുള്ളത്. 160ഓളം ഐ എ എസുകാരുടെ തസ്തികയുള്ള സംസ്ഥാനത്ത് ഇപ്പോള്‍ 90 പേരേയുള്ളു. മറ്റുള്ളവരെല്ലാം ഡെപ്യൂട്ടേഷനിലും മറ്റ് വകുപ്പുകളിലുമായി ജോലി ചെയ്യുകയാണ്. ഡെപ്യൂട്ടേഷനില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ അഞ്ച് വര്‍ഷത്തിനുശേഷം സംസ്ഥാന സര്‍വീസിലേക്ക് മടങ്ങണമെന്നാണ് വ്യവസ്ഥ. പിന്നീട് മൂന്ന് വര്‍ഷം സംസ്ഥാന സര്‍വീസില്‍ തുടര്‍ന്നെങ്കില്‍ മാത്രമേ വീണ്ടും ഡെപ്യൂട്ടേഷന് അര്‍ഹതയുള്ളൂ. എന്നാല്‍, ഈ ചട്ടം പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യാനുസരണം ഡെപ്യൂട്ടേഷന്‍ നല്‍കുന്നത് അവസാനിപ്പിക്കാനാണ് ആലോചന.
നിലവിലുള്ള ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും മൂന്നും നാല് വകുപ്പുകളുടെ ചുമതല വഹിക്കുകയാണ്. ഇതിനിടെ നാല് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ വി പി ജോയി, രാജീവ് സദാനന്ദന്‍, ദിനേശ് ശര്‍മ്മ, വി സോമസുന്ദരന്‍ എന്നിവരാണ് കേന്ദ്ര സര്‍വീസില്‍ ഡെപ്യൂട്ടേഷനില്‍ പോകാന്‍ അനുമതി തേടിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയുണ്ടാവുമെന്ന് മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞവര്‍ അടിയന്തരമായി സംസ്ഥാന സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് മന്ത്രിസഭായോഗം നിര്‍ദേശം നല്‍കിയത്. മറ്റു കേഡറുകളിലുള്ള മലയാളികളായ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ കേരളത്തില്‍ ജോലി ചെയ്യാന്‍ അവസരവും നല്‍കും. അന്യസംസ്ഥാന കേഡറിലുള്ള മലയാളി ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കേരളത്തില്‍ ജോലി ചെയ്യാന്‍ അവസരമുണ്ട്.
അതേസസമയം, സീനിയര്‍ ഐ എ എസുകാരായ രാജുനാരായണസ്വാമി, കെ സുരേഷ്‌കുമാര്‍, പി കെ മൊഹന്തി തുടങ്ങിയവര്‍ക്ക് കാര്യമായ ജോലിയില്ല. ഇവരെ മന്ത്രിമാരൊന്നും അടുപ്പിക്കുന്നില്ല. പലതവണ ഇവരുടെ പേരുകള്‍ പരിഗണനക്ക് വന്നപ്പോള്‍ തങ്ങള്‍ക്ക് ഇവരുടെ സേവനം വേണ്ടെന്ന നിലപാടാണ് മന്ത്രിമാര്‍ സ്വീകരിച്ചത്.

 

Latest