ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍ പാര്‍ക്കിന് അവഗണന

Posted on: August 15, 2013 5:17 am | Last updated: August 15, 2013 at 5:17 am

പാലക്കാട്: അയിത്തത്തിനും അനാചാരത്തിനുമെതിരെ അടരാടിയതിന്റെ പേരില്‍ സ്വസമുദായത്തില്‍ നിന്നുപോലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ടി ആര്‍ കൃഷ്ണസ്വാമി അയ്യരുടെ അവശേഷിക്കുന്ന രണ്ട് സ്മാരകങ്ങളില്‍ ഒന്നായ കോളേജ് റോഡിലെ ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍ പാര്‍ക്കിന് അവഗണന.
1953ലാണ് മദ്രാസ് മുഖ്യമന്ത്രിയായിരുന്ന സി രാജഗോപാലാചാരി ഗവ മോയന്‍സ് ഹൈസ്‌കൂളിനുസമീപമുള്ള കുട്ടികളുടെ മുനിസിപ്പല്‍ പാര്‍ക്കില്‍ കൃഷ്ണസ്വാമി അയ്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. അരനൂറ്റാണ്ടുകാലമായി സംരക്ഷിക്കപ്പെടാതെ നശിച്ചുകൊണ്ടിരുന്ന പ്രതിമ ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി 2011ല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ നവീകരിച്ചിരുന്നു. റോഡിനെ അഭിമുഖീകരിച്ചാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെങ്കിലും പടുകൂറ്റന്‍ പരസ്യബോര്‍ഡുകള്‍ ഉയര്‍ന്നതിനാല്‍ പ്രതിമ കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. നഗരസഭാധികൃതര്‍ തിരിഞ്ഞ് നോക്കാത്തത് മൂലം ചുറ്റും കാട് കയറുകയും ചെയ്തു. പാര്‍ക്കിലാകട്ടെ ഇരിപ്പിടം പോലുമില്ല. വിദ്യാര്‍ഥിയായിരിക്കെ തന്നെ അധസ്ഥിതവര്‍ഗത്തിന്റെ ഉന്നമനത്തിനു പ്രവര്‍ത്തിച്ച കൃഷ്ണസ്വാമി അയ്യര്‍ വക്കീല്‍പ്പണി ഉപേക്ഷിച്ചാണ് ഗാന്ധിജിയുടെ പാത സ്വീകരിച്ചത്.
1923 ല്‍ പാലക്കാട് അകത്തേത്തറയിലെ അത്താഴച്ചിറയില്‍ സരോജനിനായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റ സംസ്ഥാന സമ്മേളനത്തില്‍ കൃഷ്ണസ്വാമി അയ്യര്‍ തുടങ്ങിവച്ച പന്തിഭോജനമാണ് അയിത്തോച്ചാടനം എന്ന ആശയത്തിലേക്ക് എത്തിയത്. പന്തിഭോജനത്തെ തുടര്‍ ന്ന് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട അദ്ദേഹത്തെ കല്‍പ്പാത്തിയില്‍ നിന്നും ആട്ടിയോടിച്ചു.
കേരളചരിത്രത്തില്‍ ആദ്യമായി അയിത്ത-മുന്നാക്കജാതിക്കാരെ ഒന്നിച്ചിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് സ്‌കൂള്‍ ആരംഭിച്ചത് ഇദ്ദേഹമാണ്. ഇതറിഞ്ഞ ഗാന്ധിച്ച 1924ലും 1927ലും 1934ലും ഇവിടെ വന്നിരുന്നു. ഈ സ്‌കൂളാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ ശബരി ആശ്രമമായി മാറിയത്.