തീവ്രവാദം ഇല്ലാതാക്കാന്‍ ശ്രമിക്കും: നവാസ് ശരീഫ്‌

Posted on: August 15, 2013 1:59 am | Last updated: August 15, 2013 at 1:59 am
SHARE

NAVS SHERIFഇസ്‌ലാമാബാദ്: തീവ്രവാദത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. പാക്കിസ്ഥാന്റെ 67ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ശരീഫ് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിപ്പോഴും തീവ്രവാദം നിഴലിച്ചു നില്‍ക്കുന്നുണ്ട്. അതിനെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം വിപത്തുകളെ മറികടക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാക്കിസ്ഥാന്‍ സൈന്യം, സുരക്ഷാ ഏജന്‍സി എന്നിവയെല്ലാം സംയുക്തമായി ചേര്‍ന്ന് ഭീകരവാദത്തെ തുരത്തി രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പത്യാശിച്ചു. ആഗോളാടിസ്ഥാനത്തില്‍ സമാധാനം പ്രചരിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കും. രാജ്യം ഇപ്പോള്‍ വ്യത്യസ്തമായ വെല്ലുവിളികളെയാണ് നേരിടുന്നത്. എങ്കിലും ജനങ്ങളുമൊത്ത് രാജ്യത്തിന്റെ മികച്ച ഭാവി കെട്ടിപ്പടുത്ത് മുന്‍ഗാമികളായ മഹാത്മാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കും. ഏഷ്യയിലെ നിര്‍ണായക ശക്തികളിലൊന്നാണ് പാക്കിസ്ഥാനെന്നും ശരീഫ് കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സന്നിഹിതനായിരുന്നു. മറ്റ് രാഷ്ട്ര തലവന്‍മാരും ചടങ്ങിനെത്തി.