Connect with us

Kerala

നാറാത്ത് ആയുധ പരിശീലന ക്യാമ്പ്: പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Published

|

Last Updated

കൊച്ചി: നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസില്‍ പ്രതികളായ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി ഇന്നലെ കൊച്ചിയിലെ എന്‍ ഐ എ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ശിവപുരം സ്വദേശി പി വി അബ്ദുല്‍ അസീസ്(38), കോട്ടപ്പുറം അച്ചൂര്‍ സ്വദേശി എ വി ഫഹദ്(27), മമ്മാകുന്ന് സ്വദേശി അബ്ദുസ്സമദ്(28), മുഴുപ്പിലങ്ങാട് സ്വദേശികളായ പി ഷരീഫ്(27), ഇ ടി ഫൈസല്‍(21), പി ജംഷീര്‍(20), വി സിജിന്‍(23), റസാഖ്(27), ഇ കെ റഷീദ്(21), റഹീല്‍ റിയാസ്(24), ഷഫീഖ്(23), കൂത്തുപറമ്പ് സ്വദേശി കെ പി നൗഫല്‍(21), എടക്കാട് സ്വദേശികളായ എ പി നിസാജ്(22), സുഹൈര്‍(22), തലശ്ശേരി സ്വദേശി എം മുഹമ്മദ് അബ്ഷീര്‍(20), കാടാച്ചിറ സ്വദേശികളായ ടി എം അജ്മല്‍(21), ഒ കെ ഹാസിക്(26), അറുവട്ടി കോവൂര്‍ സ്വദേശി സി പി നൗഷാദ്(32), പിണറായി സ്വദേശി കെ സി ഹാഷിം(24), തോട്ടട സ്വദേശി പി എം അജ്മല്‍(21), നാറാത്ത് മഠത്തിക്കോവില്‍ കെ കെ ജംഷീര്‍(20) എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയത്.
റിമാന്‍ഡ് ചെയ്ത പ്രതികളെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലിലേക്ക് കൊണ്ടുപോയി. ഇവരെല്ലാവരും പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും പ്രവര്‍ത്തകരാണ്. കേസിലെ പ്രതികളായ അസര്‍ എന്ന അസറുദ്ദീന്‍, കമറുദ്ദീന്‍, ജലീല്‍ എന്നിവര്‍ ഒളിവിലാണ്. കമറുദ്ദീനിന് ബാംഗളൂരു സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് എന്‍ ഐ എ സംശയിക്കുന്നത്. ഇവര്‍ക്ക് ബോംബ് നിര്‍മാണത്തിലും ആയുധ ഉപയോഗത്തിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് എന്‍ ഐ എ പറയുന്നു. പ്രതികള്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 143, 147, 153(ബി),149 ആംസ് ആക്ടിലെ സെകത്ഷന്‍ 5(1എ), 25(1എ), സ്‌ഫോടക വസ്തു നിരോധന നിയമത്തിലെ സെക്ഷന്‍ 4, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമത്തിലെ സെക്ഷന്‍ 18 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് നാളെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.
കേസില്‍ ആദ്യ കുറ്റപത്രം ഒക്ടോബറില്‍ സമര്‍പ്പിക്കുമെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമപ്രകാരം അറസ്റ്റിലായി 180 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നതിനാലാണ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ കേസന്വേഷിച്ച പോലീസ് അന്വേഷണ സംഘം പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാതെയാണ് അന്വേഷണം എന്‍ ഐ എക്ക് കൈമാറിയത്.

Latest