Connect with us

Kerala

അണികളില്‍ അസ്വസ്ഥത; എല്‍ ഡി എഫ് പ്രതിരോധത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചത് വിവാദമായതോടെ എല്‍ ഡി എഫ് പ്രതിരോധത്തില്‍. ഉമ്മന്‍ ചാണ്ടി രാജിവെക്കും വരെ ഉപരോധം തുടരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പൊടുന്നനെ സമരം പിന്‍വലിച്ചത് അണികള്‍ക്കിടയിലും കടുത്ത അമര്‍ഷത്തിനും വഴിവെച്ചു. മുന്നണിക്കുള്ളില്‍ അസ്വസ്ഥത പടരുകയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ തന്നെ വിശദീകരണവുമായി രംഗത്തുവന്നത്. സി പി ഐ, ആര്‍ എസ് പി തുടങ്ങി മറ്റ് കക്ഷികളൊന്നും പരസ്യപ്രതികരണത്തിന് തയ്യാറയിട്ടുമില്ല.
അതേസമയം, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുവരാതിരിക്കാനാണ് സമരം ഒത്തുത്തീര്‍പ്പാക്കിയതെന്ന ടി പിയുടെ ഭാര്യ കെ കെ രമയുടെ ആരോപണം സി പി എമ്മിനെയും സര്‍ക്കാറിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നു. സമരം പിന്‍വലിച്ചത് സി പി ഐക്കുള്ളിലും ആര്‍ എസ് പിയിലും കടുത്ത ഭിന്നതക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് വിവരം. ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ചേര്‍ന്ന സി പി ഐ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ കടുത്തവിമര്‍ശമാണ് ഉയര്‍ന്നത്. വിവാദം കടുത്തതോടെ തുടര്‍ പ്രക്ഷോഭങ്ങളിലേക്ക് ഉടന്‍ കടക്കാനാണ് നേതൃത്വത്തിന്റെ ആലോചന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഈ മാസം 19ന് എല്‍ ഡി എഫ് യോഗം ചേരും.
ഉപരോധം പിന്‍വലിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം സി പി എമ്മിനെ പ്രതിരോധത്തിലാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. മാധ്യമങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന വിവാദങ്ങളെല്ലാം പരാമര്‍ശിച്ച് കൊണ്ടുള്ള വിശദീകരണം നല്‍കാന്‍ പിണറായി ശ്രമിച്ചു.
മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും മുമ്പ് തന്നെ സി പി ഐ നേതാക്കളുമായി ചര്‍ച്ച നടത്തുകയും എല്‍ ഡി എഫ് യോഗം തുടങ്ങുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വരും മുമ്പ് കൂടിയാലോചനകള്‍ തുടങ്ങിയതില്‍ തന്നെ മുന്‍കൂട്ടിയുള്ള ധാരണ വ്യക്തമാണെന്നാണ് സി പി എമ്മിനെതിരെ ഉയര്‍ന്ന പ്രധാന ആക്ഷേപം. എന്നാല്‍, സമരത്തിന്റെ പുരോഗതി വിലയിരുത്താനും സാമ്പത്തിക ബാധ്യതകള്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകളുമാണ് സി പി ഐയുമായി നടത്തിയതെന്നുമാണ് പിണറായി നല്‍കിയ വിശദീകരണം. സോളാര്‍ വിഷയത്തില്‍ ഇടത് മുന്നണി ഇതുവരെ നടത്തിയ സമരങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തെക്കാളുപരി മുഖ്യമന്ത്രിയുടെ രാജിക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ അത് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. സി ബി ഐ അന്വേഷണത്തിന് മുമ്പ് സന്നദ്ധമായപ്പോള്‍ പോലും അതിനെ സി പി എം എതിര്‍ത്തതാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടാത്ത ജുഡീഷ്യല്‍ അന്വേഷണം സ്വീകാര്യമല്ലെന്ന പിണറായി വിജയന്റെ നിലപാടും വിമര്‍ശ വിധേയമായിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇതിന് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
രാഷ്ട്രീയ മുന്നേറ്റത്തിന് കഴിഞ്ഞു എന്നതിലപ്പുറം സമരം കൊണ്ട് വലിയ നേട്ടമുണ്ടായില്ലെന്ന വികാരം മുന്നണിയില്‍ പ്രകടമാണ്. അണികള്‍ക്കിടയില്‍ ഇത് ശക്തമായ വികാരമായി പ്രതിഫലിക്കുന്നുമുണ്ട്.

Latest