Connect with us

National

കിഷ്ത്വാര്‍ സംഘര്‍ഷം: കാശ്മീര്‍ ആഭ്യന്തര സഹമന്ത്രി രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി/ജമ്മു: ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആഭ്യന്തര സഹ മന്ത്രി സജാദ് അഹ്മദ് കിച്‌ലു രാജിവെച്ചു. ഗവര്‍ണര്‍ രാജി അംഗീകരിച്ചു. നേരത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയ്ക്ക് കിച്‌ലു രാജിക്കത്ത് നല്‍കിയിരുന്നു. സംഘര്‍ഷം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രി മാറിനില്‍ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു.
പാര്‍ലിമെന്റില്‍ ഉമര്‍ അബ്ദുല്ല സര്‍ക്കാറിന്റെ നടപടികളെ കേന്ദ്രം ന്യായീകരിച്ചു. ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി കാശ്മീര്‍ സന്ദര്‍ശനത്തിന് തിരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്ന് രാജ്യസഭയില്‍ ധനമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തി. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.
അതിനിടെ, കിഷ്ത്വാര്‍ സംഘര്‍ഷത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അറിയിച്ചു. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ബി ജെ പി നേതൃത്വം, 2002ലെ ഗുജറാത്ത് കലാപം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരും.

---- facebook comment plugin here -----

Latest