Connect with us

National

നിക്ഷേപം സ്വീകരിച്ച് മുങ്ങുന്ന കമ്പനികള്‍ കൂടുതല്‍ ഗുജറാത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കമ്പനികള്‍ സ്ഥാപിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് മുങ്ങുന്ന പ്രവണത കൂടുതല്‍ ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്. പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് മുങ്ങിയ 87 കമ്പനികളെയും ഡയറക്ടര്‍മാരെയും “കണ്ടെത്തി” കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുകയാണ്.
ഗുജറാത്തില്‍ 26 കമ്പനികളാണ് ജനങ്ങളെ വഞ്ചിച്ച് മുങ്ങിയത്. ആന്ധ്രാ പ്രദേശില്‍ 13ഉം തമിഴ്‌നാട്ടില്‍ പത്തും മഹാരാഷ്ട്രയില്‍ ഒമ്പതും ഡല്‍ഹി, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഉത്തര്‍ പ്രദേശിലും ബീഹാറിലും നാല് വീതവും ചാണ്ഡിഗഢിലും കര്‍ണാടകയിലും രണ്ട് വീതവും പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളില്‍ ഓരോന്നും കമ്പനികള്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയിട്ടുണ്ട്. ഇവക്കെതിരെ സഹകരണ മന്ത്രാലയം കേസെടുത്ത് തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് മുങ്ങിയ കമ്പനി ഡയറക്ടര്‍മാരെ കണ്ടെത്തിയ ശേഷം യോജിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. ബാലന്‍സ് ഷീറ്റും മറ്റ് രേഖകളും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കമ്പനികള്‍ക്കിടയില്‍ ഇത്തരമൊരു വര്‍ഗീകരണം മന്ത്രാലയം വരുത്തിയത്. കമ്പനി നിയമപ്രകാരമുള്ള ആദായ നികുതി അടക്കാതിരിക്കുക, തെറ്റായ പ്രഖ്യാപനം, ജനങ്ങളെ വഞ്ചിക്കുക എന്നിവ പ്രകാരമാണ് പ്രൊമോട്ടര്‍മാര്‍ക്കെതിരെയും ഡയറക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തത്.
കമ്പനികള്‍ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റും മറ്റ് രേഖകളും സൂക്ഷ്മമായി പരിശോധിക്കാന്‍ കമ്പനി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസുകളില്‍ നേരിട്ട് പരിശോധന നടത്താനും നിര്‍ദേശമുണ്ട്.

Latest