Connect with us

Gulf

ഷാര്‍ജയില്‍ മലിനജലം; താമസം ദുരിതപൂര്‍ണമാകുന്നുവെന്ന്‌

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിന്റെ വിവിധ ഭാഗത്തെ താമസ കേന്ദ്രങ്ങള്‍ക്ക് സമീപം അഴുക്കുചാലുകളില്‍ നിന്നും ജലം പുറത്തേക്ക് ഒഴുകുന്നത് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. വാടകയില്‍ എമിറേറ്റില്‍ വര്‍ധനവ് സംഭവിക്കവേ അഴുക്കുചാലുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ലെന്നും താമസക്കാര്‍ പരാതിപ്പെടുന്നു.
മലീഹ റോഡില്‍ അല്‍ ശംസ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് ഒരാഴ്ച മുമ്പ് അഴുക്കുചാലില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന മലിനജലം പൊട്ടിയൊഴുകിയത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. പച്ചനിറത്തില്‍ റോഡില്‍ തളംകെട്ടിയ ജലം കാരണം കാല്‍നടയാത്രയും ഈ മേഖലയില്‍ ദുസ്സഹമായിരുന്നു.
വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അതിഥികളായി എത്തിയവരെ കഴിഞ്ഞ ദിവസം തിരിച്ചയക്കേണ്ട ഗതികേടുണ്ടായെന്ന് സമീപത്തെ ഫഌറ്റില്‍ താമസിക്കുന്ന ഒരു കുടുംബം അന്ന് വ്യക്തമാക്കിയിരുന്നു. എങ്ങിനെയാണ് ദുര്‍ഗന്ധം പരത്തുന്ന ഈ അവസ്ഥയില്‍ ആരെയെങ്കിലും വീട്ടിലേക്ക് ക്ഷണിക്കുകയെന്ന് അയല്‍പ്പക്കത്ത് താമസിക്കുന്ന കുടുംബങ്ങളും ചോദിച്ചിരുന്നു. എന്നാല്‍ പലതവണ നഗരസഭയുടെ വണ്ടി വന്ന് വെള്ളം ഊറ്റിയെടുത്തിട്ടും വീണ്ടും ഉണ്ടാവുന്ന സ്ഥിതിയാണെന്ന് സമീപത്തെ റെസ്റ്റോറന്റില്‍ മാനേജറായി ജോലിനോക്കുന്ന ആള്‍ പ്രതികരിച്ചു. ദുര്‍ഗന്ധവും മലിനജലവും കച്ചവടത്തെ ദോഷമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു.
നിലവില്‍ എമിറേറ്റിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മതിയായ രീതിയില്‍ അഴുക്കുചാല്‍ പദ്ധതി നടപ്പാക്കാത്തതാവാം ഇത്തരം കേസുകള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത് എന്ന് ഒരു വിഭാഗം താമസക്കാര്‍ കുറ്റപ്പെടുത്തുന്നു.

 

Latest