കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു

Posted on: August 11, 2013 2:09 am | Last updated: August 11, 2013 at 2:09 am
SHARE

ന്യൂഡല്‍ഹി: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) ക്ക് മൊഴി നല്‍കാന്‍ വിസമ്മതിച്ചു. എന്‍ ഐ എ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളായ സാല്‍വത്തോറ ജിറോണ്‍, മാസിമില്ലാനോ ലത്തോറെ എന്നിവരാണ് കേസില്‍ അന്വേഷണം നേരിടുന്നത്. ഇപ്പോള്‍ കേസന്വേഷിക്കുന്ന എന്‍ ഐ എയുടെ ചോദ്യം ചെയ്യലിനോട് പ്രതികള്‍ പ്രതികരിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2012 ഫെബ്രുവരി 15 നാണ് എന്റിക ലെക്‌സി എന്ന ചരക്ക് കപ്പലിലെ നാവികര്‍ കൊല്ലം നീണ്ടകര തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന അജേഷ് പിങ്കി, ജെലസ്റ്റിന്‍ എന്നിവരെ വെടിവെച്ചു കൊന്നത്. കടല്‍ക്കൊള്ളക്കാരെന്നാരോപിച്ചാണ് നിരായുധരായ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നത്.
എന്താണ് ഇവരെ വെടിവെപ്പിന് പ്രേരിപ്പിച്ചതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം. മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ തലക്കും മറ്റൊരാള്‍ ഹൃദയത്തിനും വെടിയേറ്റാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന മറ്റ് നാവികരില്‍ നിന്നും എന്‍ ഐ എ മൊഴിയെടുക്കും. വോഗ്‌ലിനോ റെനാറ്റോ, ആന്‍ഡ്രോനിക്കോ മാസ്സിമോ, ഫോണ്ടാനോ ആന്റോനിനോ, കോണ്ടേ അലെസാണ്ട്രോ എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മറ്റ് നാവികര്‍. ഇവരാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍.
ഇപ്പോള്‍ ഇറ്റലിയിലുള്ള ഇവരെ ഇന്ത്യയിലേക്ക് അന്വേഷണത്തിന് അയക്കാന്‍ ഇറ്റലി തയ്യാറായിട്ടില്ല. ഇവരില്‍ നിന്ന് മൊഴിയെടുക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇറ്റലിയുമായി ചര്‍ച്ച നടത്തണമെന്നാണ് എന്‍ ഐ എ ആവശ്യപ്പെടുന്നത്. കപ്പലില്‍ യാത്രക്ക് ഉപയോഗിക്കുന്ന ഭാഗത്ത് നിന്ന് വെടിവെക്കാനുള്ള സാഹചര്യം എന്തെന്ന് എന്‍ ഐ എ ചോദിച്ചറിയും.