മെട്രോ പുലര്‍ച്ചെ രണ്ട് വരെ സര്‍വീസ് നടത്തും

Posted on: August 7, 2013 5:59 pm | Last updated: August 7, 2013 at 5:59 pm
SHARE

dubai metroദുബൈ: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് പുലര്‍ച്ചെ രണ്ടു മണി വരെ മെട്രോ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട മെട്രോയുടെ സമയക്രമം വിശദീകരിക്കവേയാണ് ആര്‍ ടി എ ട്രാഫിക് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബന്ന ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ വര്‍ഷവും നഗരത്തില്‍ അനുഭവപ്പെടുന്ന കനത്ത തിരക്ക് പരിഗണിച്ചാണ് മെട്രോ സമയം ദീര്‍ഘിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റോഡില്‍ യാത്രക്കാരുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് 8,000 ടാക്‌സി കാറുകളും സജ്ജമാക്കും. കൂടുതല്‍ ബസുകള്‍ വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തും. ദുബൈ മാള്‍ ഉള്‍പ്പെടെയുള്ളവക്ക് സമീപം കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും.
പെരുന്നാള്‍ പ്രമാണിച്ച് ബിസിനസ് ബേയില്‍ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഇതുവഴി സഞ്ചരിക്കേണ്ട വാഹനങ്ങളെ സമാനമായ മറ്റ് റൂട്ടുകളിലുടെ പോകാന്‍ ആര്‍ ടി എ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കും. കവലകളില്‍ അനുഭവപ്പെടുന്ന തിരക്ക് കാര്യക്ഷമമായി കണ്ടെത്തി പരിഹരിക്കാന്‍ ആര്‍ ടി എ ഉദ്യോഗസ്ഥര്‍ ദുബൈ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഫെസ്റ്റിവെല്‍ സിറ്റി മേഖല, അല്‍ റബാത്ത് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സുരക്ഷാ ലൈറ്റ് സംവിധാനം ഉറപ്പാക്കും. ദേര സിറ്റി സെന്റര്‍, എമിറേറ്റ്‌സ് മാള്‍, മറീന മാള്‍ തുടങ്ങിയ ഇടങ്ങളിലും അപകടവും ഗതാഗത കുരുക്കും ഒഴിവാക്കാന്‍ സുരക്ഷ ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേര ക്രീക്കിലെ വാട്ടര്‍ ബസ് സര്‍വീസ് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 12 വരെയായിരിക്കും. വാട്ടര്‍ സര്‍വീസ് വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി പത്തു വരെയും ഉണ്ടായിരിക്കും. പൊതു ബസുകളുടെ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഗോള്‍ഡ് സൂഖ്, ഗുബൈബ ബസ് സ്റ്റാന്റുകളില്‍ നിന്നും രാവിലെ ആറു മുതല്‍ രാത്രി 12 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസുണ്ടാവും. അല്‍ ഖൂസില്‍ നിന്നും ജബല്‍ അലിയിലേക്കുള്ള സര്‍വീസും ഇതേ സമയത്തുണ്ടാവും.