മരുന്നടിയുടെ ഞെട്ടലില്‍ തുര്‍ക്കി

Posted on: August 7, 2013 12:30 am | Last updated: August 7, 2013 at 12:30 am
SHARE

ESREFഇസ്താംബൂള്‍: മോസ്‌കോ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ രണ്ട് ദിനം മാത്രം ശേഷിക്കെ തുര്‍ക്കിയുടെ 31 അത്‌ലറ്റുകള്‍ ഉത്തേജക പരിശോധനയില്‍ കുടുങ്ങി. തുര്‍ക്കിഷ് അത്‌ലറ്റിക്‌സ് ഫെഡറേഷനും തുര്‍ക്കിഷ് ഒളിമ്പിക് കമ്മിറ്റിയും ഇവര്‍ക്ക് രണ്ട് വര്‍ഷ വിലക്കേര്‍പ്പെടുത്തി. 2004 ആഥന്‍സ് ഒളിമ്പിക്‌സ് ഹാമര്‍ത്രോയില്‍ വെള്ളിമെഡല്‍ നേടിയ അശ്‌റഫ് അപാകും ഇതിലുള്‍പ്പെടുന്നു. മൂന്ന് അത്‌ലറ്റുകള്‍ 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തവരാണ്.
വനിതകളുടെ 1500 മീറ്റര്‍ ഒളിമ്പിക് ചാമ്പ്യന്‍, അസ്‌ലി സാക്കിര്‍ അല്‍ടെകിന്‍, വനിതകളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സ് യൂറോപ്യന്‍ ചാമ്പ്യന്‍ നെവിന്‍ യാനിത് എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ ഏപ്രില്‍ മരുന്നടിക്ക് പിടിക്കപ്പെടുകയും വിലക്ക് നേരിടുകയും ചെയ്തിരുന്നു. അന്ന് തന്നെ കുറേ തുര്‍ക്കി അത്‌ലറ്റുകള്‍ സംശയമുനമ്പിലായിരുന്നു.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ (ഐ എ എ എഫ്) പ്രസിഡന്റ് ലാമിന്‍ ഡിയാക് തുര്‍ക്കി സര്‍ക്കാറിനോട് ഉത്തേജക മരുന്നുപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം, ഇസ്താംബൂളില്‍ 2020 ഒളിമ്പിക്‌സിനായുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുമെന്നും ഡിയാക് മുന്നറിയിപ്പ് നല്‍കി.
ഈ മാസം പത്ത് മുതല്‍ പതിനെട്ട് വരെയാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യയുള്‍പ്പെടെയുള്ള ടീമുകള്‍ മോസ്‌കോയിലെത്തി. ഉസൈന്‍ ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ ജമൈക്കന്‍ സംഘം നേരത്തെ തന്നെ മോക്‌സോയിലെത്തിയിരുന്നു. മരുന്നടി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ജമൈക്കയുടെ ക്യാമ്പില്‍ വാഡ (ലോക ഉത്തേജക വിരുദ്ധ ഏജന്‍സി) അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. ബോള്‍ട്ട് ഉള്‍പ്പടെ 44 അത്‌ലറ്റുകളുടെയും സാംപിളുകള്‍ എടുക്കുകയും ചെയ്തു. ഒരു പക്ഷേ, ഇതാദ്യമായിട്ടാകും ഒരു സുപ്രധാന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ താരങ്ങളുടെയും സാംപിളുകള്‍ പരിശോധനക്കെടുക്കുന്നത്.