Connect with us

Articles

വ്രതശുദ്ധി അവസാനിക്കാതിരിക്കട്ടെ

Published

|

Last Updated

റമസാന്‍ തീരുന്ന നാള്‍ മുതല്‍ പഴയതുപോലെ കുത്തഴിഞ്ഞ ജീവിതം തുടരുന്നവരുടെ വ്രതം വൃഥാവിലാണ്. തന്റെ സ്വഭാവത്തിലോ പെരുമാറ്റങ്ങളിലോ ചിന്തകളിലോ പ്രവൃത്തികളിലോ ഗുണകരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെങ്കില്‍ ആത്മീയമായ ഉല്‍ക്കര്‍ഷം അയാളില്‍ സംഭവിച്ചിട്ടില്ല. തന്റെ ആഹാരങ്ങളിലും മറ്റും മിതത്വവും ശുദ്ധിയും ക്രമീകരണവും വിവേചനവും പാലിക്കുക വഴി ആരോഗ്യം മെച്ചപ്പെടുത്താന്‍ ഒരാള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ വ്രതാനുഷ്ഠാനത്തിന്റെ ഭൗതിക നേട്ടവും അയാളെ തേടിയെടുത്തിയില്ലെന്ന് കരുതാം

ഭൗതികവും ആത്മീയവുമായ ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ളതാണ് വ്രതം. വര്‍ഷത്തില്‍ ഒരു മാസക്കാലം കൊണ്ട് അവസാനിക്കുന്ന ഒരു പ്രക്രിയ അല്ല ഇത്. റമസാന്‍ തീരുന്ന നാള്‍ മുതല്‍ പഴയതുപോലെ കുത്തഴിഞ്ഞ ജീവിതം തുടരുന്നവരുടെ വ്രതം വൃഥാവിലാണ്. തന്റെ സ്വഭാവത്തിലോ പെരുമാറ്റങ്ങളിലോ ചിന്തകളിലോ പ്രവൃത്തികളിലോ ഗുണകരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെങ്കില്‍ ആത്മീയമായ ഉല്‍ക്കര്‍ഷം അയാളില്‍ സംഭവിച്ചിട്ടില്ല. തന്റെ ആഹാരങ്ങളിലും മറ്റും മിതത്വവും ശുദ്ധിയും ക്രമീകരണവും വിവേചനവും പാലിക്കുക വഴി ആരോഗ്യം മെച്ചപ്പെടുത്താന്‍ ഒരാള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ വ്രതാനുഷ്ഠാനത്തിന്റെ ഭൗതിക നേട്ടവും അയാളെ തേടിയെടുത്തിയില്ലെന്ന് കരുതാം. ഇതു രണ്ടും നേടാനാകാത്തവര്‍ക്ക് പാരത്രിക നേട്ടവും ഒരു സ്വപ്‌നമായി അവശേഷിക്കും. അല്ലാഹുവിന്റെ കരുണയില്‍ വിശ്വസിക്കുകയല്ലാതെ അത്തരക്കാര്‍ക്ക് യാതൊരു വഴിയുമില്ല. തന്റെ പരലോക മോക്ഷം ദൈവത്തിന്റെ മാത്രം ആവശ്യവും ജോലിയുമാക്കി വെച്ച് സ്വന്തമായ യാതൊരു സംഭാവനയും അതിലേക്കായി നല്‍കാത്തവരുടെ ഗതി എന്താകുമെന്ന് പ്രവചിക്കുക അസാധ്യം. റമസാന്‍ കഴിഞ്ഞും ഈ സ്വയംസംസ്‌കരണ പ്രക്രിയ തുടരാന്‍ കഴിയുന്നവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്.
ഏറ്റവും കുറച്ച് ആഹാരം കഴിക്കേണ്ട നോമ്പുകാലത്ത് വീടും നാടും ഭക്ഷ്യമേളാ കേന്ദ്രങ്ങളാക്കുന്നത് നോമ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്താന്‍ പിശാച് നടത്തുന്ന കടന്നാക്രമണമാണ്. നോമ്പിനെ എളുപ്പമാക്കാനും ശരീരവും മനസ്സും അറിയാതെ അത് കടന്നുപോകാനും ആഗ്രഹിക്കുന്നവര്‍ മാത്രമേ അതിനു മുതിരുകയുള്ളൂ. നോമ്പും നിസ്‌കാരവും ഹജ്ജും ദാന ധര്‍മങ്ങളും ഉള്‍പ്പെടെയുള്ള സകല ആരാധനകളിലും പ്രയാസത്തിന്റെ ഒരംശം കുടികൊള്ളുന്നുണ്ട്. അതു തന്നെയാണ് അതിന്റെ സുഖവും. ആ പ്രയാസങ്ങള്‍ കൂടി കണക്കിലെടുത്താണ് അതിന്റെ പ്രയോജനവും പ്രതിഫലവും നിജപ്പെടുത്തിയിട്ടുള്ളത്. അവയെല്ലാം അനായാസം നിര്‍വഹിക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് ഈ ആരാധനാ രീതികളുടെ മഹത്വം നഷ്ടപ്പെടുത്തുകയോ മാറ്റ് കുറക്കുകയോ ചെയ്യും. ഹൈന്ദവര്‍ പുണ്യം തേടി ഹിമാലയ പര്‍വത സാനുക്കളിലേക്ക് യാത്ര നടത്താറുണ്ട്. ഈ യാത്രയിലെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. എവറസ്റ്റ് കൊടുമുടിയില്‍ തന്നെ ഒരു വിമാനത്താവളം നിര്‍മിച്ചു കഴിഞ്ഞാല്‍ യാത്ര സുഖകരമാകും. നല്ല കാഴ്ചകള്‍ മുകളില്‍ നിന്നു കാണാനും കഴിഞ്ഞേക്കും. എങ്കിലും യാത്രയുടെ ദുരിതപര്‍വം മനുഷ്യമനസ്സുകള്‍ക്ക് സമ്മാനിക്കുന്ന എന്തോ ചിലത് നഷ്ടമായിപ്പോകും.
നിസ്‌കാരം എളുപ്പവും ലളിതവും ആയാസരഹിതവും ആക്കിത്തീര്‍ക്കാന്‍ ഒരു പുതിയ സാങ്കേതിക വിദ്യയുടെ സഹായം തേടുന്നത് ശരിയായ കാര്യമാണെന്ന് തോന്നുന്നില്ല. കൂടുതല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴും അതിന്റെ തനിമയും ഗരിമയും കാത്തുസൂക്ഷിക്കേണ്ടതാണ്. നിസ്‌കാരം ദൈവ കല്‍പ്പനയനുസരിച്ച് നിര്‍വഹിക്കുക തന്നെ വേണം. മറ്റു വഴികളില്ല. എന്നാല്‍ അംഗശുദ്ധി വരുത്താനുള്ള ശുദ്ധജലവും പ്രാര്‍ഥിക്കാനുള്ള മറ്റു സൗകര്യങ്ങളും വേണ്ടത്ര ഏര്‍പ്പാട് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. അവയൊന്നും ലഭ്യമല്ലെങ്കില്‍ അതു നിര്‍വഹിക്കുകയില്ലെന്നും പരിമിതമായ സൗകര്യങ്ങള്‍ തനിക്ക് പോരെന്നും ശഠിക്കുന്നവര്‍ വിശ്വാസികളാകുമോ? അല്ലാഹുവിനെ ആരാധിക്കാന്‍ ഭൂമിയില്‍ ലഭ്യമായ സകല സൗകര്യങ്ങളും നമുക്ക് പ്രയോജനപ്പെടുത്തുന്നതിനെയോ പ്രയാസരഹിതമായി അവയെല്ലാം നിര്‍വഹിക്കുന്നതിനെയോ ദൈവം ഇഷ്ടപ്പെടാതിരിക്കയില്ല. തന്റെ ദാസീദാസന്‍മാരെ ബുദ്ധിമുട്ടിക്കല്‍ അല്ലാഹുവിന്റെ ഉദ്ദേശ്യത്തില്‍പ്പെട്ടതല്ല. ആരാധനകളില്‍ അന്തര്‍ലീനമായ അനിവാര്യതകള്‍ ചോര്‍ന്നുപോകുന്ന വിധം അവ പരിഷ്‌കരണവിധേയമാക്കിക്കൂടെന്നു മാത്രം.
ഇസ്‌ലാം പ്രകൃതിയുടെ മതമാണ്. ദൈവികമായ ചില രീതികള്‍ പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്. ഒരു മനുഷ്യ സ്ത്രീയുടെ ഗര്‍ഭകാലം 280 ദിവസമാണ്. ചെറിയ വ്യത്യാസങ്ങളോടെയെങ്കിലും ഇത്രയും നാളുകള്‍ക്ക് ശേഷം മാത്രമേ പൂര്‍ണതയെത്തിയ ഒരു കുഞ്ഞിനെ അവള്‍ പ്രസവിക്കുകയുള്ളൂ. ഗര്‍ഭസ്ഥ ശിശുവിന് അത്രയും നാളുകള്‍ ഗര്‍ഭപാത്രത്തിലെ ഇരുട്ടറകളില്‍ കഴിയേണ്ടതുണ്ട്. ബീജങ്ങളുടെ സംയോജനത്തിനു ശേഷം മാംസ പിണ്ഡത്തില്‍ നിന്ന് ഒരു മനുഷ്യ ശിശു വളര്‍ന്നു വികസിക്കാനായി ദൈവം നിശ്ചയിച്ചിട്ടുള്ള ആ നീണ്ട കാലയളവോളം ക്ഷമിക്കുകയല്ലാതെ നിര്‍വാഹമില്ല. ആധുനിക ശാസ്ത്രം ജീവിതത്തിന്റെ വേഗം എത്രയോ വര്‍ധിപ്പിച്ചു കഴിഞ്ഞു. കാളവണ്ടികളില്‍ നിന്ന് യാത്രാസൗകര്യങ്ങള്‍ ശബ്ദ വേഗങ്ങളില്‍ പറക്കുന്ന വാഹനങ്ങളായി മാറിയിട്ടും ഈ ഗര്‍ഭകാലഘട്ടം ലഘൂകരിക്കാന്‍ മനുഷ്യനു കഴിയാത്തതെന്താണ്? അഥവാ അതിനു സാധിച്ചാല്‍ തന്നെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏതുവിധമായിത്തീരുമെന്ന് പറയാന്‍ വയ്യ. ഗര്‍ഭിണികള്‍ക്കാവശ്യമായ പരിചരണങ്ങളും സൗകര്യങ്ങളും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പുതിയ ആശുപത്രികളില്‍ പ്രസവ സൗകര്യങ്ങള്‍, മരുന്നുകള്‍ എല്ലാം യഥേഷ്ടം ലഭ്യമാണ്. അതെല്ലാം സ്വീകരിക്കാവുന്നതുമാണ്. പക്ഷേ, ഈ 280 ദിവസത്തിന്റെ കാര്യത്തില്‍ പ്രകൃതിയെ അനുസരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
പ്രതിഭാസങ്ങള്‍ക്ക് ദൈവം കൃത്യമായ ചില രീതികളും കാലഗണനകളും നിശ്ചയിച്ചിട്ടുണ്ട്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും പക്ഷി മൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കും വായുവിനും ജലത്തിനും അഗ്നിക്കും ആകാശത്തിനും മണ്ണിനും മനുഷ്യര്‍ക്കുമൊക്കെ അത് ബാധകമാണ്. ആ പ്രകൃതി പ്രതിഭാസങ്ങളോട് ഇണങ്ങുന്ന രീതിയിലാണ് ഇസ്‌ലാമികമായ ആരാധനാക്രമങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളത്. നോമ്പും നിസ്‌കാരവുമൊക്കെ പ്രകൃതിദത്തമായ ചില രീതികളോട് കടപ്പെട്ടുകിടക്കുന്നു. അതുകൊണ്ടു തന്നെ സൂര്യചന്ദ്രമാരുള്‍പ്പെടെയുള്ള മറ്റു സൃഷ്ടികള്‍ അല്ലാഹുവിന്റെ കല്‍പ്പനകള്‍ ശിരസ്സാ വഹിക്കുന്നതുപോലെ ദൈവിക ശാസനകള്‍ക്ക് പൂര്‍ണമായും വിധേയമാകലാണ് ഉത്തമമായ മാര്‍ഗം. അതിനെ ലംഘിക്കുകയോ അഹങ്കാരവും ധിക്കാരവും പ്രകടിപ്പിക്കുകയോ ചെയ്യുന്നത് വന്‍വിപത്തുകള്‍ക്ക് വഴിയൊരുക്കും. പ്രകൃതിയിലെ മറ്റൊരു സൃഷ്ടിയും അതിനു മുതിരുന്നില്ല. മനുഷ്യര്‍ മാത്രമാണ് ദൈവത്തെ ധിക്കരിച്ചു പോന്നിട്ടുള്ളത്. അത്തരം അക്രമങ്ങളില്‍ അവന്‍ അതിരു കവിഞ്ഞപ്പോഴെല്ലാം ദൈവം അവനെ ശിക്ഷിച്ചിട്ടുണ്ട്. ഇതര ജീവജാലങ്ങള്‍ ദൈവിക ശിക്ഷ ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നതായി കാണപ്പെടുന്നില്ല. സ്വാഭാവികമായ മാര്‍ഗങ്ങള്‍ അവ വിടാതെ പിന്തുടരുകയാണ്. യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്കല്ലാതെ നല്‍കപ്പെട്ടിട്ടില്ല. ഏക ദൈവത്തിന്റെ കരങ്ങളാണ് സകലതിനെയും സൃഷ്ടിച്ചിട്ടുള്ളത്. പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും രക്ഷാശിക്ഷകളും വേണ്ടിവന്നത് ഈ സ്വാതന്ത്ര്യത്തില്‍ മനുഷ്യര്‍ അതിരു കവിയാതിരിക്കാനാണ്. സ്വാതന്ത്യം നല്‍കിയ അല്ലാഹു അതിരുകളും നിശ്ചയിച്ചിട്ടുണ്ട്. ഭൂമിയിലും മനുഷ്യനിര്‍മിത നിയമങ്ങള്‍ വഴി ഭരണകൂടം പ്രജകളുടെ സ്വാതന്ത്ര വിഹാരത്തിനു കടിഞ്ഞാണിടുന്നു. അത് വഴി നാശത്തില്‍ നിന്ന് മനുഷ്യരേയും ഭൂമിയേയും ഇതര സൃഷ്ടിജാലങ്ങളെയും രക്ഷപ്പെടുത്തേണ്ടതുണ്ട്. അല്ലാഹുവിന്റെ ദാനമായി പരീക്ഷണാര്‍ഥം നമ്മളില്‍ അര്‍പ്പിക്കപ്പെട്ട സ്വാതന്ത്ര്യം നാം ഏതുവിധത്തില്‍ പ്രയോജനപ്പെടുത്തുന്നുവെന്ന് സൂക്ഷ്മമായ നിരീക്ഷണം നടത്താനുള്ള സകല സംവിധാനങ്ങളും ദൈവം തയ്യാറാക്കി വെച്ചിരിക്കുന്നു. മനുഷ്യന്റെ എല്ലാ പ്രവൃത്തികളും പരിശോധനാ വിധേയമാക്കപ്പെടുന്നു. ആ സംവിധാനത്തില്‍ ഇടപെടാന്‍ സാധ്യമല്ല. അവിടെ സത്യവും നീതിയും മാത്രം മാനദണ്ഡങ്ങളാക്കുന്നു. അല്ലാഹുവാകട്ടെ തന്റെ കാരുണ്യത്താല്‍ വിധി ദിവസത്തെ കുറിച്ചുള്ള നമ്മുടെ ഭയപ്പാടുകളില്‍ നിന്ന് മോചനം തരുന്നു.
ഈ സാഹചര്യത്തിലാണ് വ്രതാനുഷ്ഠാനമെന്ന ആരാധനയെയും വിലയിരുത്തേണ്ടത്. അങ്ങനെ വരുമ്പോള്‍ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ അതിനു വേണ്ടിവരുന്നു. ആത്മാവിന്റെ വാഹനമായ ശരീരവും അതിന്റെ ചോദനാകേന്ദ്രമായ മനസ്സും സമ്പൂര്‍ണമായി സംസ്‌കരിക്കപ്പെടുന്ന വ്രതം എല്ലാ അര്‍ഥതലങ്ങളിലും ഏകോപിതമായിരിക്കേണ്ടതാണല്ലോ. അമിതമായ ആഹാരവും അശുദ്ധമായ ആഹാരവും തെറ്റായ പ്രവൃത്തിയും മോശമായ ചിന്തകളും സംസാരവും പ്രവൃത്തികളും നേര്‍വഴിക്കല്ലാത്ത അംഗചലനങ്ങളും നിയന്ത്രണവിധേയമാക്കാന്‍ മനുഷ്യര്‍ക്കു കഴിയണം. അതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന നോമ്പിന്റെ പേരിലുള്ള ദുര്‍വ്യയവും ഭക്ഷ്യമേളകളും ഉള്‍പ്പെടെ സകലതും ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കപ്പെടേണ്ടതുണ്ട്. നോമ്പിന്റെ ആരംഭം വരെ ശത്രുപക്ഷത്ത് നിര്‍ത്തിയ ആരോടെങ്കിലും ഇണങ്ങിച്ചേരാന്‍ നോമ്പുകൊണ്ട് നമുക്ക് കഴിഞ്ഞിട്ടുണ്ടോ? വിദ്വേഷം, വെറുപ്പ്, അസൂയ, അഹങ്കാരം, ഞാന്‍ എന്ന ഭാവം എന്നിവയില്‍ വല്ല കുറവും വന്നിട്ടുണ്ടോ? വ്യാപാരങ്ങളിലും വ്യവസായങ്ങളിലും കൂടുതല്‍ സത്യസന്ധത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? സമൂഹത്തിലെ ദുര്‍ബലരോട് നാം വല്ല കാരുണ്യവും പ്രകടിപ്പിച്ചിട്ടുണ്ടോ? ആര്‍ക്കെങ്കിലും വല്ല സഹായവും ചെയ്തുകൊടുത്തിട്ടുണ്ടോ? കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും നന്നാക്കിയിട്ടുണ്ടോ? വല്ല പുതിയ ചെടികളും നാം നട്ടുപിടിപ്പിച്ചിട്ടുണ്ടോ? വളര്‍ത്തുമൃഗങ്ങളോടും ഇതര ജീവജാലകങ്ങളോടും കരുണ കാണിച്ചു തുടങ്ങിയോ?
ഉപവാസത്താല്‍ ശരീരത്തിലെ മാലിന്യങ്ങള്‍ വിസര്‍ജിക്കപ്പെടുന്നു. ആന്തരിക അവയവങ്ങള്‍ വിശ്രമത്തിലൂടെ കേടുപാടുകള്‍ തീര്‍ക്കാന്‍ സമയം കണ്ടെത്തുന്നു. സദ്ഭാവനകളാലും കര്‍മങ്ങളാലും ആത്മാവിന്റെ പരിശുദ്ധി സംരക്ഷിക്കപ്പെടുന്നു. വിശ്വാസത്തിന്റെ ശക്തിയാലും ദൈവത്തോടുള്ള കൂറും വിധേയത്വവും കൊണ്ടും മനസ്സിലെ മാലിന്യങ്ങളും വിസര്‍ജിക്കുന്നു. നമ്മെ സദാ ദൈവം കണ്ടുകൊണ്ടിരിക്കുന്നുവെന്ന ബോധം ഉള്ളിലുണ്ടാകണം. ഓരോ മനുഷ്യരിലും പുറത്തു കാണാത്ത ഒരു ആന്തരിക വ്യക്തിത്വമുണ്ട്. ആ വ്യക്തി സത്യസന്ധനും ശുദ്ധപ്രകൃതനുമായി മാറിയെങ്കില്‍ സമൂഹം അയാളെക്കുറിച്ച് എന്തു വിധിയെഴുതിയാലും ഭയപ്പെടേണ്ടതില്ല. അല്ലാത്തപക്ഷം സമൂഹം മഹാരാജാവിനു തുല്യം ബഹുമാനിക്കുന്നുണ്ടെങ്കിലും ദൈവത്തിനു മുമ്പില്‍ അയാള്‍ കിടുകിടാ വിറക്കുകതന്നെ ചെയ്യും.
ആധുനിക ലോകത്തെ മനുഷ്യര്‍ സമൂഹത്തിന്റെ ആദരവും പിന്തുണയും അംഗീകാരവും മോഹിച്ചു പ്രവര്‍ത്തിക്കുന്നു. സമൂഹം തന്നെ എങ്ങനെ കാണുന്നുവെന്നതിലാണ് അവന്റെ ശ്രദ്ധ മുഴുവനും. അതില്‍ വിജയിച്ചാല്‍ തന്റെ ജീവിതം സഫലമായെന്നവന്‍ കരുതുന്നു. ഇത് വെറും മിഥ്യയാണ്. ദൈവം തന്നെയും തന്റെ പ്രവൃത്തികളെയും എങ്ങനെ കാണുന്നുവെന്ന് മാത്രമാണ് മനുഷ്യര്‍ നോക്കേണ്ടത്. ദൈവത്തേയും സമൂഹത്തേയും ഒരേ സമയം തൃപ്തിപ്പെടുത്തുക മിക്കവാറും അസാധ്യമാണ് ദൈവം തൃപ്തിപ്പെട്ടാല്‍ തന്നെ നാം വിജയിച്ചുകഴിഞ്ഞു. അവനാണ് നമ്മുടെ ഏക യജമാനന്‍. സമൂഹത്തിന്റെ അളവുകോലുകള്‍ ശ്വശ്വതമോ സത്യത്തിലും നീതിയിലും അധിഷ്ഠിതമോ ആകാന്‍ വഴിയില്ല. ആകയാല്‍ ത്യാഗപൂര്‍ണമായ. റമസാന്‍ നാളുകള്‍ അവസാനിക്കുന്ന ഈ വേളയില്‍ അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കാന്‍ തന്റെ ദേഹവും ദേഹിയും സജ്ജമാണോ എന്നു മാത്രം സ്വയം ചോദിച്ചുകൊള്ളുക. ഉത്തരം പുറത്തുപറയേണ്ടതില്ല. മറ്റാര്‍ക്കും അതറിഞ്ഞിട്ടു കാര്യവുമില്ല.

 

 

Latest