Connect with us

Kozhikode

വിലക്കയറ്റത്തിന് ആശ്വാസമായി റമസാന്‍-ഓണം ചന്ത

Published

|

Last Updated

കോഴിക്കോട്: അവശ്യസാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ വില കുതിച്ചുയരുമ്പോള്‍ സപ്ലൈകോയുടെ റമസാന്‍-ഓണം വിപണി സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. പൊതുവിപണിയില്‍ 36 രൂപയുള്ള കുറുവ അരിക്ക് ഇവിടെ 21 രൂപയാണ് വില. 34 രൂപയുള്ള പഞ്ചസാരക്ക് 26ഉം 60 രൂപയുള്ള ഉഴുന്നിന് 42 രൂപയുമാണ്. മറ്റു സാധനങ്ങള്‍ക്കും സമാനമായ വിലക്കുറവാണ് സപ്ലൈകോയുടെ റമസാന്‍-ഓണം ചന്തയിലുള്ളത്.

ടൗണ്‍ഹാളിന് സമീപം സപ്ലൈകോയും ഹോര്‍ട്ടി കോര്‍പ്‌സും ചേര്‍ന്നൊരുക്കിയ ചന്തയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവശ്യസാധനങ്ങളുടെ സ്റ്റാളിനു മുന്നില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട ക്യൂ അനുഭവപ്പെടുന്നു. സപ്ലൈകോയുടെ 13 ഇനങ്ങള്‍ സബ്‌സിഡി നിരക്കില്‍ സ്റ്റാളില്‍ ലഭിക്കുന്നുണ്ട്.
സപ്ലൈകോയുടെ രണ്ട് സ്റ്റാളുകളും ഹോര്‍ട്ടി കോര്‍പ്‌സ്, മില്‍മ, കേരള സോപ്‌സ്, കേരള ദിനേശ് സഹകരണ സംഘം, ഹാന്‍ഡ്‌ലൂം, കയര്‍ഫെഡ്, കാനന ഗ്രാമം, കുടുംബശ്രീ എന്നിവയുടെ ഓരോ സ്റ്റാളുകളുമാണ് ചന്തയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് രാവിലെയോടെ മുപ്പതോളം സ്റ്റാളുകള്‍ സജ്ജമാകുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
നേന്ത്രപ്പഴം, എളവന്‍, മത്തന്‍, പാവക്ക, പയര്‍, ചേന, ഇഞ്ചി എന്നിവ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ചാണ് ഹോര്‍ട്ടി കോര്‍പ്‌സ് മേളയില്‍ എത്തിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

Latest