ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ജനം ഭീതിയില്‍

Posted on: August 4, 2013 1:10 am | Last updated: August 4, 2013 at 1:10 am
SHARE

idukki-dam_700_0തൊടുപുഴ: ഇടുക്കി ഡാമില്‍ ജലനിരപ്പ് 1.78 അടി വര്‍ധിച്ചു. ഡാം നിറയാന്‍ ഇനി 19.10 അടിവെള്ളം കൂടി മതി. ഇത്രയും അടി കൂടി വെള്ളം ലഭിച്ചാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. 2383.9 അടിയാണ് നിലവിലെ ജലനിരപ്പ്. പദ്ധതി പ്രദേശത്ത് രാവിലെ ഏഴ് വരെ 39.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇപ്പോള്‍ 78.16 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇതുവരെ 1678.523 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെളളം അണക്കെട്ടിലുണ്ട്. 6.005 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ രാവിലെ വരെ ഉത്പാദിപ്പിച്ചത്. ജില്ലയില്‍ ഇന്നലെ കനത്ത മഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റും ഇടിമിന്നലും വ്യാപക നാശം വിതച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണിയില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടി. കാറ്റിലും മരങ്ങള്‍ കടപുഴകി വീണും 50ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മലങ്കരയില്‍ വീടിന് മുകളില്‍ മരം വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തുടങ്ങിയ കാറ്റിനും മഴക്കും പുലര്‍ച്ചെയോടെയാണ് ശമനമുണ്ടായത്. ഒരു രാത്രി മുഴുവന്‍ ജനം ഭീതിയോടെയാണ് കഴിഞ്ഞത്.
പഴയ പാലം തകര്‍ന്നതിനെ തുടര്‍ന്ന് മൂന്നാറില്‍ നിര്‍മിച്ച താത്കാലിക പാലവും തകര്‍ന്നു. കല്ലാര്‍കുട്ടി, പൊന്‍മുടി, ലോവര്‍ പെരിയാര്‍, ഹെഡ് വര്‍ക്‌സ് അണക്കെട്ടുകള്‍ തുറന്നു വിട്ടു. വെള്ളപ്പാച്ചിലില്‍ വെള്ളത്തൂവലിലെ പന്നിയാര്‍ പവര്‍ഹൗസിന്റെ പിന്‍ഭാഗത്ത് നിര്‍മിച്ചിരുന്ന താത്കാലിക ചെക്ക് ഡാം തകര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഒഴുക്കില്‍പ്പെട്ടു.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് തട്ടേക്കണ്ണിയില്‍ ഉരുള്‍പൊട്ടിയത്. ഏക്കര്‍ കണക്കിന് കൃഷിയിടം നശിച്ചു. നേര്യമംഗലം- ഇടുക്കി റൂട്ടില്‍ ഗതാഗതം നിലച്ചു.
മലങ്കര എസ്‌റ്റേറ്റിലെ ആയിരത്തോളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ പിഴുതെറിയപ്പെട്ടു. മലങ്കര ആള്‍പ്പാറ ചെമ്പകപ്പിളളില്‍ വാമദേവന്റെ ഭാര്യ രാജമ്മ(44), വാലില്‍ ഇന്ദുലേഖ(32), മകന്‍ ആദിത്യന്‍(7) എന്നിവര്‍ക്കാണ് വീട് തകര്‍ന്നു പരിക്കേറ്റത്. ഇവരെ ചാഴിക്കാട്ട് ആശുപത്രിയി്ല്‍ പ്രവേശിപ്പിച്ചു. കല്ലാര്‍- മൂന്നാര്‍ റൂട്ടില്‍ ദേശീയപാതയില്‍ മണ്‍തിട്ടകള്‍ ഇടിഞ്ഞ് ഒന്‍പതിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അടിമാലി ചീനിക്കുഴി ബിജു (34)വിന്റെ വീട് തകര്‍ന്നു. കെട്ടിടം വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുപാലം ട്രൈബല്‍ ഹോസ്റ്റലിന് സമീപത്തെ കുന്നത്ത് സ്മിത കണ്ണന്റെ വീടിനു മുകളിലേക്ക് മണ്‍തിട്ടയിടിഞ്ഞു വീണ് കെട്ടിടം ഭാഗികമായി തകര്‍ന്നു. കെട്ടിടത്തിനുള്ളില്‍ ഒരു കുട്ടി കുടുങ്ങിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ഇതിനിടെ കുട്ടി തിരിച്ചെത്തിയതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ചു.
മൂന്നാര്‍ ഉടുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ദേവിയാര്‍ പുഴയുടെ കൈവരികള്‍ കര കവിഞ്ഞൊഴുകി സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
വെള്ളിയാഴ്ച അണക്കെട്ടിലെ ജലനിരപ്പ് 1.52 അടി കൂടി ഉയര്‍ന്ന് 2382.12 അടിയിലെത്തിയിരുന്നു. ഇത് സംഭരണ ശേഷിയുടെ 76.14 ശതമാനമാണ്.