Connect with us

Gulf

മതിവരാതെ മത്രയുടെ പരിമളം

Published

|

Last Updated

മസ്‌കത്ത്: പെരുന്നാള്‍ വിപണിയാണെങ്കില്‍ തലസ്ഥാന നഗരങ്ങളിലെ സ്വദേശികളുടെ ഇഷ്ട കേന്ദ്രം മത്ര തന്നെയാണ്. മത്രയിലെ പെരുന്നാള്‍ വിപണിയില്‍ ആള്‍ത്തിരക്കുകളുടെ ദിനങ്ങളാണ് കടന്നു പോകുന്നത്. രാത്രി വൈകിയും മത്ര സൂഖ് ഉറങ്ങാതെയിരിക്കും. പെരുന്നാള്‍ കഴിയുന്ന വരെ തുടരും ഉറക്കൊഴിഞ്ഞുള്ള ഈ “ഷോപ്പിംഗ് ഉത്സവം”. സാധനങ്ങള്‍ പരമാവധി വിലപേശി വാങ്ങാന്‍ അവസരം ലഭിക്കുന്നതാണ് കൂടുതല്‍ പോരെ മത്രയിലെത്തിക്കുന്നത്. പെര്‍ഫ്യൂംസ്, കോസ്‌മെറ്റിക്‌സ്, ആഭരണങ്ങള്‍, വസത്രങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ്, പാദരക്ഷകള്‍ തുടങ്ങി ഒട്ടുമിക്ക ഉത്പന്നങ്ങളും മത്ര സൂഖില്‍ സജ്ജമാണ്. റമസാനായതിനാല്‍ വിദേശ സഞ്ചാരികള്‍ ഇല്ലാത്തത് സ്വദേശികള്‍ക്ക് സൂഖിലെ ഷോപ്പിംഗിന് കൂടുതല്‍ സൗകര്യമാകുന്നുണ്ട്.
മത്ര സൂഖ് തിരക്കില്‍ വീര്‍പ്പ് മുട്ടുകയാണ്. വാഹനത്തിരക്കുമായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളെയും ബാധിക്കുന്ന തരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. സ്വദേശികളുടെ ജീവിതത്തിലെ ഒഴിച്ചു കൂടാനാകാത്ത സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കേന്ദ്രങ്ങളിലെ വ്യാപാരം തകൃതിയാണ്. സ്‌നേഹബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനായി കൂട്ടുകുടുംബങ്ങള്‍ക്ക് സമ്മാനിക്കുന്ന അത്തറുകള്‍ക്ക് സ്വദേശികളില്‍ ആവശ്യക്കാരേറെയാണെന്ന് മത്രയില്‍ പെര്‍ഫ്യൂംസ് വില്‍പന നടത്തുന്ന ബഷീര്‍ പെരിയ പറയുന്നു. ഊദ് ഇനങ്ങള്‍ക്കാണ് കൂടുതല്‍ പേരെത്തുന്നത്. കൂടുതല്‍ അത്തര്‍ കടകള്‍ ഉള്ളത് മത്രയെ ഒമാന്റെ സുഗന്ധ കേന്ദ്രമാക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്റഡ് ഉത്പന്നങ്ങള്‍ മത്രയില്‍ ലഭിക്കുന്നുണ്ട്.
പെരുന്നാള്‍ കാലത്ത് മാത്രമായി മത്രയില്‍ കാണപ്പെടുന്ന തെരുവ് കച്ചവടവും സജീവമാണ്. തത്കാലികമായി കെട്ടിയുണ്ടാക്കുന്ന സ്റ്റാന്‍ഡുകളില്‍ നടക്കുന്ന കച്ചവടങ്ങളില്‍ പ്രത്യേക വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭിക്കും. മിക്ക സാധനങ്ങളും ഇവിടെ കച്ചവടത്തിനുണ്ടാകും. പാരമ്പര്യ വസ്ത്രങ്ങള്‍, ഒമാനി തൊപ്പി, ചെരുപ്പ്, ഷാള്‍, വെള്ളി മോതിരങ്ങള്‍, ആഭരണങ്ങള്‍, മാലകള്‍, പെര്‍ഫ്യുംസ് തുടങ്ങിയവയെല്ലാം തെരുവ് കച്ചവടങ്ങളില്‍ വിലകുറഞ്ഞ് ലഭിക്കും. പെരന്നാള്‍ കഴിഞ്ഞാല്‍ തെരുവ് കച്ചവടങ്ങള്‍ക്ക് അനുമതിയുണ്ടാകില്ല. സ്ത്രീകളും കച്ചവടം നടത്തുന്നുണ്ടിവിടെ. സലാല, സൊഹാര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളാണ് കച്ചവടക്കാര്‍. എന്നാല്‍ താത്കാലികമായെത്തുന്ന ഈ കച്ചവടക്കാര്‍ മത്രിയിലെ സ്ഥിരം കച്ചവടക്കാര്‍ക്ക് ചെറിയ തോതിലെങ്കിലും ഭീഷണിയാകാറുണ്ട്.
സ്വദേശി സ്ത്രീകള്‍ വസ്ത്രമെടുക്കാനായി രാവിലെത്തന്നെ എത്തിത്തുടങ്ങും. പെരുന്നാളിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ത്രീകള്‍ ഷോപ്പിംഗിനെത്തിത്തുടങ്ങിയിട്ടുണ്ട്. പാരമ്പര്യമായി ധരിക്കുന്ന ഫര്‍ദകളുടെ പുതിയ മോഡലുകള്‍ തേടിയാണ് കൂടുതല്‍ പേരെത്തുന്നത്. രാവിലെയും നോമ്പ് തുറക്ക് ശേഷവുമാണ് സത്രീകള്‍ കൂടുതലായി വസ്ത്രങ്ങള്‍ വാങ്ങാനെത്തുന്നതെന്ന് മത്രയില്‍ വസ്ത്രക്കചവടം നടത്തുന്ന അബ്ദുല്ല ചപ്പാട് പറഞ്ഞു.

Latest